സ്വന്തം ലേഖകന്‍: ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഭക്രാനംഗല്‍ കനാലില്‍ നിന്നാണ് 12 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനാലിന്റെ നര്‍വാണ ഭാഗത്ത് മണ്ണും ചെളിയും കോരി വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ശനിയാഴ്ച കനാലിന്റെ ഈ ഭാഗം വൃത്തിയാക്കല്‍ ജോലികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു.
കനാലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ക്ക് ഒന്ന് മുതല്‍ പത്ത് മാസം വരെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലൊന്ന് പഞ്ചാബ് സമാനാ സ്വദേശി സത്‌നാം സിങ്ങാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നങ്കല്‍, ഉന, തല്‍വാര, നാലാഘര്‍, ആനന്ദ്പുര്‍ സാഹിബ്, കിരാത്പുര്‍, ഭാരത്ഘര്‍, റോപാര്‍, മൊരിന്ദ, ഫത്തേഘര്‍ സാഹിബ്, സര്‍ഹിന്ദ, സമാന, ഘാഗ്ഗ, ഖനൗരി, നര്‍വാണ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഭക്രാനംഗല്‍ കനാല്‍ ഹിസാറിലാണ് അവസാനിക്കുന്നത്.
പലപ്പോഴും കുളിക്കുന്നതിനിടെ മുങ്ങിമരിക്കുന്ന ആളുകളുടെ മൃതദേഹങ്ങള്‍ വന്നടിഞ്ഞതാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ മൃതദേഹങ്ങള്‍ ഈ ഭാഗത്തുണ്ടോ എന്നറിയാനായി മുങ്ങല്‍ വിദഗ്ധരുടെ ഒരു സംഘം കനാലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും ഭക്രാനംഗല്‍ കനാലിലേക്ക് മൃതദേഹങ്ങള്‍ എത്തിയിട്ടുണ്ടാവാമെന്ന് മുങ്ങല്‍ വിദഗ്ധന്‍ ആഷു മാലിക് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല