തിരുവനന്തപുരം:കേക്കില്‍ പാറ്റ, ചോറില്‍ അട്ട….മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും. ചിലത് അടച്ചുപൂട്ടിയെങ്കില്‍ മറ്റുചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കേക്കില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്നു തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ ബേക്കറി ‘ആംബ്രോസിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. വാന്റോസ് ജംക്ഷനിലെ കേക്ക് നിര്‍മാണ യൂണിറ്റും പൂട്ടി മുദ്രവച്ചു. കേക്ക് ഉല്പാദനത്തില് പാലിക്കുന്ന ശുചിത്വവും മറ്റു നിര്‍ദേശങ്ങളും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ ഇനി യൂണിറ്റ് തുറക്കാന്‍ അനുവദിക്കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാറ്റയെ കണ്ടെത്തിയ കേക്ക് വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ കേക്കിന്റെ ബാച്ചില്‍ നിര്‍മിച്ച കേക്കുകള്‍ ഇനി വില്‍ക്കരുതെന്നും വിറ്റതു തിരിച്ചെടുക്കണമെന്നും ബേക്കറിക്കു കര്‍ശന നിര്‍ദേശം നല്കി. ‘ചോക്കോ ചിപ്പ് മഫിന്‍ എന്നു പേരിട്ട കേക്കിന്റെ പായ്ക്കറ്റിലാണു ബേക്ക് ചെയ്ത നിലയില്‍ പാറ്റയെ കണ്ടെത്തിയത്. കേശവദാസപുരം കോ-ഓര്‍ഡിയല്‍ ഫ്ളാറ്റ് 2 സിയില്‍ താമസിക്കുന്ന സുരേഷ് ബല്രാജിനാണു പട്ടം സ്പെന്‍സറിലുള്ള ആംബ്രോസിയ ഔട്ട്ലെറ്റില് നിന്ന് ഈ കേക്ക് ലഭിച്ചത്. ശനിയാഴ്ച വാങ്ങിയ കേക്കിലെ കുറച്ചു ഭക്ഷിച്ച ശേഷം എടുത്തുവച്ചിരുന്നു. ഇന്നലെ വീണ്ടും എടുത്തപ്പോഴാണു പാറ്റയെ കണ്ടെത്തിയത്.
പാറ്റയ്ക്കു കാലുകള്‍ ഉണ്ടായിരുന്നില്ല. ബേക്ക് ചെയ്ത നിലയിലായിരുന്നു. സംഭവം ബല്‍രാജ് ഉടന്‍ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ എത്തി കേക്കിന്റെ ശേഷിച്ച ഭാഗം പരിശോധനയ്ക്കയച്ചു. തുടര്‍ന്നു ബേക്കറി ജംക്ഷനിലെ ഔട്ട്ലെറ്റില് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വാന്റോസ് ജംക്ഷനിലുള്ള കേക്ക് നിര്‍മാണ
യൂണിറ്റിലുമെത്തി. ഈ യൂണിറ്റ് പൂട്ടിയിരിക്കുകയായിരുന്നു. പൂട്ടിനു മുകളിലൂടെ മുദ്രവച്ചു. ഉടമസ്ഥര്‍ സ്ഥലത്തില്ലെന്നാണു ജീവനക്കാര്‍ അറിയിച്ചത്.
കഴിഞ്ഞദിവസമാണ് പന്തളത്ത് ഹോട്ടലില്‍ വിളമ്പിയ ചോറിയില് അട്ടയെ കണ്ടെത്തിയത്. കോളേജ് റോഡിലുള്ള ആര്യാസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. വെള്ളിയാഴ്ച കൊട്ടാരക്കര തലവൂര്‍ സ്വദേശി സുരേഷ്കുമാറും കുടുംബവും ഉണ്ണാന്‍ കയറിയപ്പോഴാണ് മകന് വിളമ്പിയ ചോറിനുള്ളില്‍ അട്ടയെ കണ്ടത്. ഇവര്‍ ഉടന്‍ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചശേഷം കട അടപ്പിക്കുകയായിരുന്നു. രണ്ടാഴ്ചമുമ്പ് ഹോട്ടല്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല