സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്.
ആധാറുമായി മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് എതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് 31 വരെ ആധാര്‍ സര്‍ക്കാര്‍ സേവനങ്ങളേയും ആനുകൂല്യങ്ങളേയോ ബാധിക്കില്ല. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും ആധാര്‍ ബന്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും മാത്രമേ തീയതി നീട്ടി നല്‍കുകയുള്ളൂവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.
സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതി ഭരണഘടനാബഞ്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കാര്‍ഡിന്റെ നിയമപരമായ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആദായനികുതി റിട്ടേണിന് നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല