അനാഥയായ ബധിരയെ കച്ചവടത്തിലൂടെ സ്വന്തമാക്കി അടിമയായി പത്തു വര്‍ഷത്തോളം ഉപയോഗിച്ച വൃദ്ധ ദമ്പതികള്‍ നിയമത്തിനു മുന്‍പില്‍. നിലവറയില്‍ അടച്ചിട്ടിരുന്ന നിലയില്‍ കണ്ടെത്തിയ ഈ പെണ്‍കുട്ടിയെ ലൈംഗികമായ പീഡനത്തിനും ഇരയാക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ വംശജരായ ഇല്ല്യാസ് അസ്ഹര്‍(83) ഭാര്യ തള്ളത്(66) എന്നിവരാണ് ഈ ക്രൂരദമ്പതികള്‍. പാചകം ചെയ്ത ഭക്ഷണത്തില്‍ എന്തെങ്കിലും ചെറിയ പോരായ്മകള്‍ കാണുമ്പോള്‍ വരെ ഇവര്‍ പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.
അസ്ഹര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗത്തിനും ഇരയാക്കിയിട്ടുണ്ട്. കുട്ടിയുടെ അടിവയറ്റില്‍ കനത്ത ആഘാതമേല്‍പ്പിക്കലായിരുന്നു ഇയാളുടെ പ്രധാന വിനോദം. 2000ത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടു തുടര്‍ന്ന് വൃദ്ധദമ്പതികള്‍ പാക്കിസ്ഥാനില്‍ നിന്നും ഈ പെണ്‍കുട്ടിയെ യുകെയിലെക്ക് കൊണ്ട് വരുകയായിരുന്നു. സംസാരിക്കുവാനും കേള്‍ക്കുവാനുമുള്ള കഴിവ് ഇല്ലാതിരുന്നുന്ന പെണ്‍കുട്ടി മാഞ്ചസ്റ്ററിനു അടുത്തുള്ള അസ്ഹറിന്റെ വസതിയില്‍ ആണ് താമസിച്ചിരുന്നത്.
പീഡനങ്ങള്‍ നിറഞ്ഞ ബാല്യമായിരുന്നു ഈ പെണ്‍കുട്ടിയുടെതെന്നു പ്രോസിക്യൂഷന്‍ കണ്ടെത്തി. കുട്ടിയെ കൊണ്ട് കഠിനമായ ജോലികള്‍ എടുപ്പിക്കുകയായിരുന്നു വൃദ്ധദമ്പതികള്‍. പാചകം, അടിച്ചു വാരല്‍, പാത്രം കഴുകല്‍ എന്ന് വേണ്ട ആ വീട്ടിലെ ഒട്ടു മിക്ക ജോലികളും പെണ്‍കുട്ടി ചെയ്തിരുന്നു. ദമ്പതികളുടെ സുഹൃത്തുക്കളുടെ വീട് പോലും ഒരു സമയത്ത് ഈ പെണ്‍കുട്ടി വൃത്തിയാക്കിയിരുന്നു. ഒരു അടിമയെപ്പോലെയായിരുന്നു പെണ്‍കുട്ടിയുടെ ജീവിതം. ശാരീരികമായി പീഡിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല ഇല്ല്യാസ് അസ്ഹര്‍ ലൈംഗികമായി ഇവളെ ഉപയോഗിച്ചിരുന്നു എന്നതും കോടതി ഞെട്ടലോടെ ആണ് കേട്ടത്.
അസ്ഹറിനെ തൃപ്തിപ്പെടുതിയില്ലെങ്കില്‍ അന്നത്തെ ദിവസം കുട്ടിയുടെ സ്ഥാനം നിലവറയിലായിരിക്കും. 2009ലാണ് പോലീസ് ഇങ്ങനെ നിലവറയില്‍ കഴിയുകയായിരുന്ന കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചത്. പോകാന്‍ ഒരിടമോ ആളോ ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി പിന്നീട് അവിടെത്തന്നെ തുടരുകയായിരുന്നു. അസ്ഹര്‍ ഒരു മാര്‍ക്കറ്റ് സ്റ്റാള്‍ ഉടമയാണ്. കൂടെ കാറുകളുടെ വില്‍പനയിലും ഇയാള്‍ ഒരു കൈ നോക്കുന്നുണ്ട്. കേസില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളെല്ലാം ദമ്പതികള്‍ കോടതിയില്‍ നിഷേധിച്ചു എങ്കിലും തെളിവുകള്‍ ഇവര്‍ക്കെതിരാണ്.ഇവര്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും.ഈ ദമ്പതികള്‍ക്ക് ഫായിസ(24) എന്ന പേരുള്ള ഒരു മകള്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല