സ്വന്തം ലേഖകൻ: ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനുളള ഉപരോധം തുടരുകയാണ്. അവരുമായി സഹകരിക്കുന്നവർക്കും ഇത് ബാധകമാണെന്നും അമേരിക്കൻ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ച ശേഷമാണ് അമേരിക്കയുടെ പ്രതികരണം. തുറമുഖത്തിന്റെ നടത്തിപ്പ് പത്ത് വർഷത്തേക്ക് ഏറ്റെടുക്കാനുള്ള കരാറാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഒപ്പു വച്ചത്.
അതിനിടെ ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്‌റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വർഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്.
ഈ കരാർ ഇരുരാജ്യങ്ങൾക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല