സ്വന്തം ലേഖകൻ: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചു.
ജോലിഭാരവും സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണ് മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.
ചർച്ചയായി അമ്മ അനിതയുടെ കത്ത്
മകളുടെ മരണം താങ്ങാവുന്നതിലും അപ്പുറമാണ്. ഇനി ഒരു രക്ഷിതാവിനും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കണമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നത്.
കഴിഞ്ഞ വർഷം നവംബർ 23നാണ് മകൾ ചാറ്റേർഡ് അക്കൗണ്ടൻസി പരീക്ഷ പാസായത്. മാർച്ച് 19ന് പൂനെയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള കുട്ടിയായിരുന്നു അന്ന. EYയിലേത് അവളുടെ ആദ്യത്തെ ജോലിയാണ്. ഇന്ത്യയിലെ തന്നെ വലിയ ഒരു കമ്പനിയുടെ ഭാഗമായതിൽ അവൾ സന്തോഷിച്ചിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് 4 മാസം കഴിഞ്ഞതോടെ അന്നയുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ജൂലായ് 24ന് അവൾ മരിച്ചെന്ന വാർത്തയാണ് ഞങ്ങൾ കേട്ടത്. വെറും 26 വയസായിരുന്നു അവള്‍ക്ക്.
കുട്ടിക്കാലം മുതലേ ഒരു പോരാളിയായിരുന്നു അവള്‍. സ്കൂളിലും കോളേജിലും ടോപ്പറായിരുന്നു. സി എയ്ക്ക് ഡിസ്റ്റിങ്ഷനുണ്ടായിരുന്നു. EYക്ക് വേണ്ടി രാപകലില്ലാതെ അവള്‍ പണിയെടുത്തു. വിശ്രമമില്ലാതെയുള്ള ജോലി അവളെ ശാരീരികമായും വൈകാരികമായും മാനസികമായും തളര്‍ത്തി. ഉറക്കംപോലുമില്ലായിരുന്നു. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് പറഞ്ഞ് അവള്‍ പിന്നെയും ജോലിയില്‍ തുടര്‍ന്നു.
ജൂലൈ 6ന് അന്നയുടെ സി എ കോണ്‍വൊക്കേഷനായി ഞാനും ഭര്‍ത്താവും പൂനെയിലെത്തി. അതിനു മുന്‍പൊരു ദിവസം നെഞ്ചുവേദന കാരണം താമസസ്ഥലത്തേക്ക് അന്ന വൈകി വന്നിരുന്നു. അതുകൊണ്ട് അവളെ ആശുപത്രിയില്‍ കാണിച്ചു. ഇസിജി നോര്‍മലായിരുന്നു. ഉറക്കക്കുറവും ഭക്ഷണക്രമം ശരിയല്ലാത്തതുമാണ് പ്രശ്നമെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു. മരുന്ന് കുറിച്ചുതന്നു.
ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് പൂനെയിലെത്തിയിട്ടും അന്നയ്ക്ക് ഞങ്ങള്‍ക്കൊപ്പം സമയം ചിലവിടാനായില്ല. ഡോക്ടറെ കണ്ടപാടെ അവള്‍ ഓഫീസില്‍ ജോലിത്തിരക്കാണ് ലീവ് ഇല്ല എന്ന് പറഞ്ഞുപോയി. അന്ന് രാത്രിയും അന്ന വൈകിയാണ് വന്നത്. ജൂലൈ 7ന്, ഞായറാഴ്ചയായിരുന്നു കോണ്‍വൊക്കേഷന്‍. അന്നും അവള്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടായിരുന്നു. കോണ്‍വൊക്കേഷന്‍ ചടങ്ങിലേക്ക് എത്താന്‍ അതുകൊണ്ട് വൈകി.
അവള്‍ ജോലി ചെയ്തുണ്ടാക്കിയ പണംകൊണ്ട് ഞങ്ങളെ കോണ്‍വൊക്കേഷന് കൊണ്ടുപോകണമെന്നത് അവളുടെ വലിയ സ്വപ്നമായിരുന്നു. വിമാനടിക്കറ്റ് ബുക്ക് ചെയ്താണ് ഞങ്ങളെ കൊണ്ടുപോയത്. ആ രണ്ടുദിനങ്ങള്‍ മകള്‍ക്കൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളാണെന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ചുവിങ്ങുന്നു. ജോലിഭാരം കാരണം അന്നും അവള്‍ക്ക് ഞങ്ങളോടൊപ്പം സ്വസ്ഥമായിരിക്കാനായില്ല. അന്ന കമ്പനിയില്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ പലരും ജോലിഭാരം കാരണം ഇവിടംവിട്ടു പോകാറുണ്ട്, അന്ന ആ പേരുദോഷം മാറ്റണം എന്നാണ് മാനേജര്‍ അവളോട് പറഞ്ഞത്. അതിന് എന്‍റെ മകള്‍ക്ക് നഷ്ടമായത് അവളുടെ ജീവനാണ്.’
ദീർഘനേരത്തെ ജോലി കാരണം മിക്ക ദിവസവും രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് അന്ന താമസസ്ഥലത്തെത്തിയിരുന്നത്. പലപ്പോഴും വേഷം മാറ്റാൻ പോലും കഴിയാതെ കിടക്കയിലേക്ക് ക്ഷീണിച്ചുവീഴുന്ന അവസ്ഥയായിരുന്നു. ബിരുദസമർപ്പണ ദിവസം പോലും വീട്ടിലിരുന്ന് ദീർഘനേരം അവൾക്ക് ജോലി ചെയ്യേണ്ടി വന്നതായും തങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ മകൾക്ക് കഴിയാതെ പോയതായും അമ്മ പറയുന്നു.
അന്നയുടെ മരണം തൊഴിൽ മന്ത്രാലയം അന്വേഷിക്കണമെന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യത്തിന് മറുപടിയായാണ് തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്. ‘സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെ പറ്റി അന്വേഷണം നടക്കുന്നുണ്ട്. തൊഴിൽ മന്ത്രാലയം ഈ പരാതി ഗൗരവത്തോടെ പരിഗണിക്കുന്നു. നീതി ഉറപ്പാക്കും’ ശോഭ കരന്തലജെ അറിയിച്ചു.
അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് EY. തൊഴിൽ സാഹചര്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ കാര്യത്തിൽ പഠിച്ച് നടപടിയെടുക്കുമെന്ന് അന്നയുടെ വീട്ടിലെത്തിയ EY ഉദ്യോഗസ്ഥർ മാതാപിതാക്കളെ അറിയിച്ചു. പുതിയതായി വരുന്നവർക്ക് പ്രശ്നങ്ങളും സമ്മർദവും തുറന്നുപറയാനായി അവസരം നൽകും. പോർട്ടലുണ്ട്.
അതിൽ കാര്യങ്ങൾ പേരറിയിക്കാതെ പറയാനുള്ള സൗകര്യമുണ്ട്. ഈ സംഭവത്തിനുശേഷം പോർട്ടലിനെക്കുറിച്ച് അറിയിച്ച് സർക്കുലർ നൽകിയിരുന്നു. തങ്ങളുടെ തൊഴിൽ സംസ്കാരമല്ല ഇതെന്നും ഇത്തരമൊരു സംഭവം ഇനിയുണ്ടാകില്ലെന്നും EY ചെയർമാൻ രാജീവ് മെമാനി എക്സിൽ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല