
സ്വന്തം ലേഖകൻ: അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.
എന്നാൽ, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന അന്നയുടെ അമ്മ അനിത അഗസ്റ്റിൻ EY കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളാണ് പ്രശ്‌നത്തിന്റെ ഗൗരവം ലോകത്തെ അറിയിച്ചത്.
നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകൾ പറഞ്ഞിരുന്നു, രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മകൾ തയ്യാറായിരുന്നില്ലെന്നും ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ചൂണ്ടികാണിച്ചുകൊണ്ട് EY ചെയർമാന് കുടുബം കത്ത് നൽകി. അമിത ജോലിഭാരത്തെ തുടർന്നാണ് മകൾ കുഴഞ്ഞുവീണ് മരിച്ചെതെന്നും കുടുംബം പരാതിപ്പെട്ടു.
ഇന്ത്യയിലെ നാലാമത്തെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനമാണ് അന്നയുടെ മരണത്തിന് കാരണമായെന്ന് മാതാവ് അനിത ആരോപിക്കുന്ന EY എന്ന സ്ഥാപനം. എന്നാൽ, ഇതിന് മുൻപും സമാന സാഹചര്യത്തെ മുൻ നിർത്തി നിരവധിപേരാണ് ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയത്. ജൂലൈ 20 നായിരുന്നു അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ചത്. 2024 മാർച്ചിലാണ് പൂനെ EY യിൽ അന്ന ജോയിൻ ചെയ്തത്.
അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാൽ തന്നെ വിശ്രമമില്ലാതെയാണ് അവൾ അധ്വാനിച്ചതെന്ന് അനിത ചെയർമാന് നൽകിയ കത്തിൽ പറയുന്നു. പക്ഷെ, പോകെ പോകെ, ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ധം അന്നയെ തളർത്താൻ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവൾ താമസസ്ഥലത്ത് എത്തിയിരുന്നത്.
വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മർദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന അപ്പോഴും വിശ്രമമില്ലാതെ ജോലി തുടരുകയായിരുന്നു എന്ന് അനിത അയച്ച മെയിലിൽ പറയുന്നു. പല സന്ദർഭങ്ങളിലും ജോലി ഉപേക്ഷിക്കാൻ തങ്ങൾ അന്നയോട് ആവശ്യപ്പെട്ടു. എന്നാൽ തൊഴിലിൽ വിജയിക്കാൻ അവൾ എല്ലാം അതിജീവിച്ച് മുന്നോട്ടു പോയി.
ഷെഡ്യൂൾ ചെയ്ത ജോലികൾക്ക് പുറമെ മാനേജർമാർ അധിക ജോലി നൽകിയിരുന്നു. അതൊന്നും ഔദ്യോഗിക രേഖകളിൽ ഉണ്ടാകാറുമില്ല. മാനേജർക്ക് ക്രിക്കറ്റ് കളി കാണാൻ വേണ്ടി മീറ്റിംഗുകൾ മാറ്റിവെക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇതോടെ അന്നയുടെ ജോലികൾ നീളാൻ തുടങ്ങി. പക്ഷെ, എത്ര തന്നെ ജോലിയുണ്ടെങ്കിലും അത് തീർക്കാതെ അവൾക്ക് സ്ഥാപനത്തിൽ നിന്നും ഇറങ്ങുവാൻ കഴിഞ്ഞിരുന്നില്ലെന്ന് അമ്മ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല