സ്വന്തം ലേഖകൻ: നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു.
പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോർട്ട്. ജീവനക്കാരും ടെക്നിക്കൽ ഉദ്യോഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. റൺവേയിൽനിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര- ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവൻ.
നേപ്പാളില്‍ ബുധനാഴ്ച 18 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ടേബിള്‍ ടോപ് റണ്‍വേകളും അവയിലെ അപകടസാധ്യതകളും. ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ് പേര് സൂചിപ്പിക്കുന്നതുപോലെ ടേബിള്‍ ടോപ് റണ്‍വേകള്‍. അതിനാല്‍ത്തന്നെ ഈ റണ്‍വേയുടെ ഒന്നോ അതില്‍ അധികമോ വശത്ത് കുത്തനെ താഴ്ചയുണ്ടാകും. പൈലറ്റിന്റെ ചെറിയൊരു അശ്രദ്ധപോലും വലിയദുരന്തത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഇന്ത്യയില്‍ അഞ്ച് വിമാനത്താവളങ്ങള്‍ക്കാണ് ടേബിള്‍ ടോപ് റണ്‍വേകളുള്ളത്. കരിപ്പുര്‍ (കോഴിക്കോട്), മംഗളൂരു, ഷിംല (ഹിമാചല്‍ പ്രദേശ്), ലെങ്പുയി (മിസോറം), പാക്‌യോങ് (സിക്കിം) എന്നിവയാണ് അവ. കോഴിക്കോട് വിമാനത്താവളത്തിനും മംഗളൂരു വിമാനത്താവളത്തിനും മുന്‍കാലങ്ങളിലുണ്ടായ വന്‍ അപകടങ്ങളുടെ കഥ പറയാനുമുണ്ട്.
കരിപ്പുര്‍ വിമാനത്താവളം വന്‍ദുരന്തത്തിന് സാക്ഷിയായത് 2020 ഓഗസ്റ്റ് ഏഴിനാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് ഗള്‍ഫില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്നു ആ വിമാനം. അന്ന് രണ്ട് പൈലറ്റുമാരും 19 യാത്രക്കാരും മരിച്ചു.
2010 മേയ് 22-ന് ദുബായില്‍നിന്ന് മംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം ലാന്‍ഡിങ്ങിനിടെ തകരുകയും ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 158 യാത്രക്കാര്‍ മരിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ടേബിള്‍ ടോപ് റണ്‍വേകളുള്ള വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്തുന്ന പതിവുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല