രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു. നാവികരുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ശ്രമം വിജയിക്കുമെന്നാണ് കരുതുന്നതെന്ന് യുറോപ്യന്‍ യൂണിയന്‍ വിദേശനയമേധാവി കാതറിന്‍ ആഷ്ടന്‍ ബ്രസല്‍സില്‍ പറഞ്ഞു.
ഇതിനിടെ സംഭവത്തെക്കുറിച്ച് സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും ഇറ്റലിയുടെയും പ്രധാനമന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളരുന്ന സാഹചര്യത്തിലാണ് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തിയത്. രണ്ട് ഇറ്റാലിയന്‍ നാവികരെ ഇന്ത്യ ജയിലില്‍ അടച്ചതില്‍ ഇറ്റലി നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേബബ്രത സാഹയെ ഇറ്റാലിയന്‍ വിദേശ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണു പ്രതിഷേധം അറിയിച്ചത്. എന്നാല്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട നാവികര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല