1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.

ജനുവരി 23-നാണ് ജാന്‍വി കണ്ടുല (23) പോലീസ് വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ ഡാവേ ഓടിച്ചിരുന്ന പോലീസ് വാഹനമാണ്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജാന്‍വിയെ ഇടിച്ചത്. ഡ്രഗ് ഓവര്‍ഡോസ് കോളിന് പിന്നാലെ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു കെവിന്‍. 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം. പോലീസ് പട്രോള്‍ വാഹനം ഇടിച്ചതിന് പിന്നാലെ നൂറ് അടി ദൂരത്തേക്ക് ജാന്‍വി തെറിച്ചുവീഴുകയും മരിക്കുകയുമായിരുന്നു.

ജാന്‍വിയുടെ അപകടമരണത്തിന് പിന്നാലെ ഡാനിയേല്‍ നടത്തിയ പരാമര്‍ശങ്ങളും ചിരിയും അയാളുടെ ബോഡി ക്യാം വീഡിയോയില്‍ പതിഞ്ഞിരുന്നു. സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡിന്റെ (എസ്.പി.ഒ.ജി.) വൈസ് പ്രസിഡന്റായിരുന്നു ഡാനിയേല്‍.

ഇയാളും എസ്.പി.ഒ.ജി. പ്രസിഡന്റ് മൈക്ക് സോലനും തമ്മിലുള്ള സംഭാഷണമായിരുന്നു ബോഡി ക്യാമില്‍ പതിഞ്ഞത്. ഇത് പുറത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡാനിയേലിന്റെ വാക്കുകള്‍ ജാന്‍വിയുടെ കുടുംബത്തിനുണ്ടാക്കിയ വേദന മായ്ച്ചു കളയാനാവുന്നതല്ലെന്ന് സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇന്ററിം ചീഫ് സ്യൂ റാര്‍, പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.