സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണ വാര്‍ത്ത . നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലിമവാടിയില്‍ താമസിക്കുന്ന കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കല്‍ (47) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് 4.30ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് സിബി ജോസിന്റെ അന്ത്യം സംഭവിച്ചത്.
ഇദ്ദേഹത്തിന് ഭാര്യയും (സൗമ്യ സിബി) ജോസ്ഫിന്‍ (13). അല്‍ഫോന്‍സ(15) എന്ന രണ്ട് കുട്ടികളും ഉണ്ട്. സീനിയര്‍ കെയറര്‍ വീസയില്‍ എത്തി ഒരു വര്‍ഷമായി ലിമവാടിയില്‍ താമസിച്ചു വരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ യുകെയിലെത്തിയ മലയാളി കുടുംബത്തില്‍ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.
ഹാര്‍ലോ ദി പ്രിന്‍സസ് അലക്‌സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പന്‍ ആണ് ആദ്യം മരിച്ചത്. ഒരു വര്‍ഷം മുന്നേ യുകയെിലെത്തിയ നഴ്‌സായ അരുണിനെ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ ഭാര്യയും മാസങ്ങള്‍ക്കു മുന്നേ യുകെയില്‍ എത്തിയിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
അരുണിന്റെ മരണം നല്‍കിയ ഞെട്ടല്‍ മാറും മുന്നേയാണ് സ്വിണ്ടനിലെ ന്യൂകോളേജിന് അടുത്തുനിന്നും മരത്തില്‍ തൂങ്ങിയ നിലയില്‍ 40 കഴിഞ്ഞ മലയാളി യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് അടക്കമുള്ള ജീവന്‍ രക്ഷ സംവിധാനം നൊടിയിടയില്‍ സ്ഥലത്തെത്തി താഴെയിറക്കിയ യുവാവിന് സി പി ആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല