1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2024

സ്വന്തം ലേഖകൻ: സ്വിന്‍ഡനിലെ ഷെറിന്‍ ഡോണിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത കൂടി. പീറ്റര്‍ബറോയില്‍ താമസിക്കുന്ന നിഷ എബ്രഹാമി(44)നെയാണ് മരണംതട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ.

ഏക മകളായ പന്ത്രണ്ട് വയസുകാരിയുടെ ആദ്യ കുര്‍ബാന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്തിയത് കണ്ട ശേഷമാണ് നിഷ മടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതോടെ നിഷയ്ക്ക് അന്ത്യ കുര്‍ബാന നല്കാനായി തീരുമാനിക്കുകയും ഓള്‍ സെയ്ന്റ്സ് മര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബറോ വികാരി തോമസ് ജോര്‍ജ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ആ സമയത്ത് തന്റെ ആഗ്രഹം പറയുകയും മകളുടെ ആദ്യ കുര്‍ബാന ആശുപത്രിയില്‍ നടത്താന്‍ വൈദികന്‍ തയാറാവുകയും ആയിരുന്നു.

പൂനെ സ്വദേശിയായ നിഷ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി കേംബ്രിഡ്ജില്‍ താമസമാക്കിയിരിക്കുകയായിരുന്നു. നഴ്‌സായി ജോലി നോക്കിയിരുന്ന നിഷയുടെ ഭര്‍ത്താവ് ഫിലിംപ് എബ്രഹാം ബോംബേയില്‍ താമസമാക്കിയ ആളാണ്. ഫിലിപ്പും ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി നോക്കി വരുകയായിരുന്നു.

2021 ല്‍ നിഷയ്ക്ക് കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രോഗം വീണ്ടും നിഷയെ കീഴടക്കുകയായിരുന്നു. അതോടെ നാട്ടില്‍ നിന്നും മാതാപിതാക്കള്‍ ഒപ്പമെത്തുകയായിരുന്നു.

കാലിഫോര്‍ണിയയില്‍ താമസമാക്കിയ നിഷയുടെ സഹോദരിയും കുടുംബവും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിഷയുടെ സഹോദരനും കുടുംബവും ദുബായില്‍ നിന്നും രോഗമറിഞ്ഞ് കേംബ്രിഡ്ജില്‍ തന്നെ ജോലിക്കായി എത്തി അടുത്ത് തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിഷയുടെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓള്‍ സെയ്ന്റ്സ് എംടിസി പീറ്റര്‍ബറോ സഭാംഗമായിരുന്നു നിഷയും കുടുംബവും.

കഴിഞ്ഞ ദിവസമാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39)യുടെ മരണ വാര്‍ത്ത പുറത്ത് വന്നത്.രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയവേയാണ് മരണം വിളിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.