സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സന്ദേശം. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ.
ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നതുമായാണ് വിവരം. ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജെയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ നാലിനാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.
റഷ്യയുടെ യുദ്ധത്തിൽ 300 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയും 2,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രൈൻ തടങ്കലിലാക്കി. 10,000-ത്തിലധികം സൈനികരെയാണ് കിം ജോങ് ഉൻ ഉത്തര കൊറിയയിൽ നിന്നും റഷ്യയിലേക്ക് അയച്ചത്. അതേ സമയം, റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം യുക്രൈൻ കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്‍റെ കണക്ക്.
യുദ്ധത്തിൽ യുക്രൈനിലെ നിരവധി സ്‌കൂളുകൾക്ക് നേരെ ബോംബാക്രമണമുണ്ടായെന്നും നിരവധി വീടുകൾ തകർക്കപ്പെട്ടുവെന്നും യൂണിസെഫ് അറിയിച്ചു. പല കുടുംബങ്ങളും വിവിധയിടങ്ങളിലായി മാറിത്താമസിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല