1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2025

സ്വന്തം ലേഖകൻ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.

ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജെയിന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായി അറിയുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ സ്വദേശിയായ മറ്റൊരാളും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. കല്ലൂര്‍ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രനാ (36) നാണ് റഷ്യന്‍ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രൈനില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പില്‍പ്പെട്ടാണ് പല യുവാക്കളും റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി മാറുന്നത്. വന്‍ ശമ്പളം വാ​ഗ്ദാനംചെയ്താണ് പല യുവാക്കളെയും കബളിപ്പിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയശേഷം വളരെ ചുരുങ്ങിയ കാലത്തെ പരിശീലനം നല്‍കിയശേഷം യുവാക്കളെ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവരെ താമസിപ്പിക്കുന്ന ക്യാമ്പില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ നല്‍കാറില്ലെന്നും യുദ്ധത്തില്‍ പരിക്കേറ്റ മലയാളി യുവാക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.