സ്വന്തം ലേഖകന്‍: കൂലി ചോദിച്ചതിന് മൂന്നു തൊഴിലാളികളെ ചുട്ടുകൊന്ന കരാറുകാരന് വധശിക്ഷ. തൂത്തുക്കുടി സ്വദേശി തോമസ് ആല്‍വ എഡിസനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂലി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശികളായ മൂന്നു തൊഴിലാളികളെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ചു തീവച്ചു കൊന്നുവെന്നതാണ് കേസ്.
പ്രതി ചെയ്ത കുറ്റം അതിക്രൂരവും അത്യപൂര്‍വവുമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ജില്ലാ അഡീ. സെഷന്‍സ് ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിമാണു വധശിക്ഷ വിധിച്ചത്. തിരുനെല്‍വേലി സ്വദേശി ദസ്സി (24), തിരുച്ചിറപ്പള്ളി മണിച്ചനെല്ലൂര്‍ മേലേശ്രീദേവിമംഗലത്ത് വിജയ് (24), തിരുനെല്‍വേലി സമയപുരം റോഡ് സുരേഷ് (23) എന്നിവരാണു കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ആന്‍ഡ്രൂസ് രക്ഷപ്പെട്ടിരുന്നു.
നിര്‍മാണ തൊഴിലാളികളെ കൊച്ചിയിലെത്തിക്കുന്ന കരാറുകാരനായിരുന്നു പ്രതി തോമസ്. ജോലി ചെയ്ത വകയില്‍ നല്‍കാനുണ്ടായിരുന്ന 14,000 രൂപ നല്‍കണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടതും മടങ്ങിപ്പോകുമെന്നു ഭീഷണി മുഴക്കിയതുമാണു വൈരാഗ്യത്തിനു കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2009 ഫെബ്രുവരി 21 നാണു കൊലപാതകം നടന്നത്.
സ്വകാര്യ സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലപ്പെടുന്നതിന് 20 ദിവസം മുന്‍പാണു തൊഴിലാളികളെ കൊച്ചിയിലെത്തിച്ചത്. സംഭവദിവസം രാത്രി ഒന്‍പതോടെ താമസ സ്ഥലത്തെത്തിയ തോമസിനോടു നല്‍കാനുണ്ടായിരുന്ന കൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വാക്കേറ്റവും അടിപിടിയുമുണ്ടായി. പുറത്തു പോയ തോമസ് സമീപത്തുണ്ടായിരുന്ന ബൈക്കില്‍ നിന്നു പെട്രോള്‍ ഊറ്റിയെങ്കിലും അര ലീറ്ററില്‍ കുറവാണു ലഭിച്ചത്.
തുടര്‍ന്നു രവിപുരത്തെ പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍ കന്നാസില്‍ പെട്രോള്‍ വാങ്ങി മുറിയില്‍ മടങ്ങിയെത്തി. ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ശരീരത്തില്‍ പെട്രോളൊഴിച്ചു. ഉറക്കമുണര്‍ന്ന സുരേഷ് ബലം പ്രയോഗിച്ചു തോമസിനെ പുറത്താക്കി. വാതില്‍ പുറത്തു നിന്നു പൂട്ടിയ തോമസ് ജനാലയിലൂടെ വീണ്ടും മുറിക്കുള്ളിലേക്കു പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തറയില്‍ പരന്നൊഴുകിയ പെട്രോളിലേക്കു തീ പടര്‍ന്നതോടെ തോമസിന്റെ പാന്റ്‌സിലും തീപിടിച്ചു പാദങ്ങള്‍ക്കു പൊള്ളലേറ്റു.
കൊല്ലപ്പെട്ടവരുടെ മരണമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടും ഇവരെ ചികില്‍സിച്ച ഏഴ് ഡോക്ടര്‍മാരും അടക്കം 36 സാക്ഷികളെ കോടതി വിസ്തരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല