1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2016

സ്വന്തം ലേഖകന്‍: നാട്ടുകാരനെ വധിച്ച കുറ്റത്തിന് സൗദിയില്‍ രാജകുമാരന് വധശിക്ഷ. അടിപിടിക്കിടയില്‍ സ്വന്തം നാട്ടുകാരനെ കൊന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കി.

വധശിക്ഷയുടെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വലിയ പഴി കേള്‍ക്കേണ്ടി വരുന്നതിനിടയിലാണ് വധശിക്ഷയുടെ വാര്‍ത്ത സൗദി ആഭ്യന്തരമന്ത്രാലയം പുറത്തു വിട്ടത്. മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തമാമില്‍ വെച്ച് ഉണ്ടായ ഒരു വഴക്കിനിടയില്‍ മറ്റൊരു സൗദി അറേബ്യക്കാരന്‍ അദെല്‍ ബിന്‍ സൂലൈമാന്‍ ബിന്‍ അബ്ദുള്‍ കരീം അല്‍ മുഹമ്മദ് എന്നയാളെയാണ് രാജകുമാരന്‍ വെടിവെച്ചു കൊന്നത്.

തുടര്‍ന്ന് അല്‍ കബീറിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഇദ്ദേഹം കുറ്റം ഏറ്റു പറയുകയും ചെയ്തു. പ്രാദേശിക കോടതിയുശട വിധിക്കെതിരേ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈകോടതി വധശിക്ഷ ശരിവെച്ചു. തലസ്ഥാന നഗരമായ റിയാദില്‍ കബീറിനെ വധിച്ചെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങിനെയാണ് രാജകുമാരനെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയില്‍ സാധാരണഗതിയില്‍ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കാറ്. സൗദിയില്‍ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂര്‍വ്വമാണ്. 1975 ല്‍ അമ്മാവന്‍ ഫൈസല്‍ രാജാവിനെ കൊന്നതിന്റെ പേരില്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിനെ വധിച്ചതായിണ് ഇതിനു മുമ്പുണ്ടായ സംഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.