സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ചവർക്ക് കമ്പനി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കണ്ണുനീരിൽ കുതിർന്ന സ്മരണാഞ്ജലി. അകാലത്തിൽ വേർപിരിഞ്ഞ ജീവനക്കാരുടെ സ്മരണകൾ തളംകെട്ടിനിന്ന യോഗത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർഥനയോടെയായിരുന്നു അനുശോചന യോഗം.
ഇന്നലെ കമ്പനി ആസ്ഥാനത്തു ചേർന്ന അനുശോചന യോഗത്തിൽ സഹപ്രവർത്തകരുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും വാക്കുകൾ മുറിഞ്ഞു. ഉള്ളിലെ വിങ്ങലടക്കാൻ പാടുപെട്ടു. എംഡി കെ.ജി എബ്രഹാം, ജനറൽ മാനേജർ എൻ. മനോജ്, റവ.കെ.സി.ചാക്കൊ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മാനസ് റാജ് പട്ടേൽ, ഫിലിപ്പീൻസ് എംബസി വെൽഫെയർ ഓഫിസർ ഇമ്മാനുവേൽ സാന്റിയാഗൊ സി ഡിയസ്, ഐഷ വി. അൽബകിത്, കെ.ജി.ഗീവർഗീസ്, ബെൻ പോൾ, അനന്ദ ബാനർജി തുടങ്ങിയവർ അനുശോചിച്ചു. കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാരും പങ്കെടുത്തു.
ദുരന്തത്തിൽ ഗുരുതര പരുക്കേറ്റവരെ സന്ദർശിക്കാനായി ബന്ധുക്കളെ കുവൈത്തിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അപ്രതീക്ഷിത ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ കമ്പനി അധികൃതർ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും ചെയ്യുമെന്നും ഉറപ്പുനൽകി.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോയവർക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നു. മരിച്ചവരുടെ അനന്തരാവകാശിക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട്, മറ്റു സഹായം എന്നിവ നൽകുമെന്നും മുൻപ് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ് ആശുപത്രിയിൽ അവശേഷിക്കുന്ന 17 പേരും അപകട നില തരണം ചെയ്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് ആദ്യഘട്ടമായി 8 ലക്ഷം രൂപ വിതരണം ചെയ്തു. കൂടാതെ സംസ്കാര ചെലവുകൾക്കായി 25,000 രൂപയും വിതരണം നൽകി. അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപ്പെട്ടവർക്ക് ചികിത്സാ സഹായവും നൽകും. വസ്ത്രം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി എല്ലാ ജീവനക്കാർക്കും 50 ദിനാർ നൽകും. അതിജീവനത്തിന്റെ ഭാഗമായി എല്ലാവർക്കും മനഃശാസ്ത്ര കൗൺസിലിങും നൽകിവരുന്നു.
കുവൈത്ത് ആഭ്യന്തര, ആരോഗ്യ മന്ത്രാലയം, കേന്ദ്ര സർക്കാർ, ഇന്ത്യൻ എംബസി, ഫിലിപ്പീൻസ് എംബസി എന്നിവയുടെയും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുെടയും പിന്തുണയ്ക്ക് കമ്പനി നന്ദി രേഖപ്പെടുത്തി. പൊലീസ്, അഗ്നിശമനസേന, ആശുപത്രി ജീവനക്കാർ, വിവിധ സംഘടനകൾ, മാധ്യമപ്രവർത്തകർ, പ്രതിസന്ധി ഘട്ടത്തിലും ആത്മാർഥമായി പ്രവർത്തിച്ച എൻബിടിസിയിലെ എല്ലാ ജീവനക്കാർക്കും നന്ദി പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല