സ്വന്തം ലേഖകൻ: സ്പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പ് ഇന്നുവരെ കാണാത്ത അതിതീവ്രമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്പെയിനിലുണ്ടാകുന്നത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെന്‍സിയ എന്നിവിടങ്ങളില്‍ ഈ ആഴ്ച അവസാനംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രളയത്തെ തുടര്‍ന്ന് കാറുകള്‍, പാലങ്ങള്‍, മരങ്ങള്‍ തുടങ്ങിയവ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. കാറുകള്‍ വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങളാല്‍ സാമൂഹികമാധ്യമങ്ങളും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്.
പ്രളയക്കെടുതി നേരിടുന്ന വലൻസിയ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് അയ്യായിരം പട്ടാളക്കാരെയും അയ്യായിരം പോലീസിനെയും നിയോഗിക്കാൻ സ്പാനിഷ് പ്രസിഡന്റ് പെദ്രോ സാഞ്ചസ് ഉത്തരവിട്ടു. വലൻസിയിയലെ പ്രാദേശിക അധികൃതരുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു വേഗത പോരെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല