സ്വന്തം ലേഖകൻ: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ തിക്കിലും തിരക്കിലുംപെട്ട് മരണം 121 ആയി. ഇതിൽ നൂറോളം പേർ സ്ത്രീകളെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.
പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. അതേസമയം അപകടത്തിന് പിന്നാലെ ഭോലെയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം ഉണ്ടാകുന്നത്.
ഈ സമയത്ത് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് പോയതാണ്. എന്നാൽ പിന്നീട് ഇയാൾ തന്റെ ആശ്രമത്തിലും എത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എഫ്.ഐ.ആർ. രേഖപ്പെടുത്തിയെങ്കിലും പരിപാടിയുടെ മുഖ്യ ആളായ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം പരിപാടിയുടെ തലവൻ ദേവ്ദാസ് മധുകറിനെതിരേയും സംഘാടകർക്കെതിരേയും ചില വ്യക്തികൾക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ എത്ര പേർ ഇവിടെ ഒത്തുകൂടി എന്ന വിവരം സംഘാടകർ മറച്ചുവെക്കുന്നുവെന്നാണ് വിവരം. നേരത്തെ നടന്ന പരിപാടികളിൽ ഒരു ലക്ഷത്തോളം വരുന്ന അനുയായികൾ പങ്കെടുത്തുവെന്നാണ് വിവരം.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഭോലെയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും അനുയായികൾ ഉണ്ടാിയരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പരിപാടി വീക്ഷിക്കാൻ ഉത്തർപ്രദേശിന് പുറത്ത് നിന്നും ആളുകൾ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു.
ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയുടെ ജനനം. സൂരജ് പാൽ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. രണ്ടു സഹോദരങ്ങളുണ്ട്. ഗ്രാമത്തിൽ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ഇയാൾ ഉത്തർപ്രദേശ് പോലീസിൽ ലോക്കൽ ഇന്റലിജൻസ് യൂണിറ്റിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. കോളേജ് പഠനത്തിന് ശേഷം ഇന്റലിജൻസിൽ ജോലി ചെയ്ത ഇയാൾ പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.
ജോലി ഉപേക്ഷിച്ച് നാരായൺ സാകർ ഹരി എന്ന പേര് സ്വീകരിച്ച് 1999-ലാണ് ഇയാൾ ആത്മീയതിലേക്ക് തിരിയുന്നത്. കൂടെ ഇയാളുടെ ഭാര്യ പ്രേം ബാട്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നത്. വെള്ളക്കുപ്പായവും ടൈയും ആയിരുന്നു ഇയാളുടെ സ്ഥിര വേഷം. കൂടുതലായും കുർത്തയിലായിരുന്നു ഇയാൾ കാണപ്പെട്ടിരുന്നത്.
ദൈവത്തിൽ നിന്ന് നേരിട്ട് തനിക്ക് ശക്തി ലഭിച്ചുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എം.എൽ.എമാർ എം.പിമാർ അടക്കം ഇയാളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല