സ്വന്തം ലേഖകൻ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നു. രാത്രിയും പകലുമെന്നില്ലാതെ ചൂടിൽ വെന്തുരുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പലതും. കഴിഞ്ഞ എഴുപത്തിരണ്ടു മണിക്കൂറിനിടെ ഡൽഹിയിൽ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേർ സൂര്യാതപത്താൽ മരിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരിൽ ഭൂരിഭാഗവും റിക്ഷക്കാരും പുറംപണിചെയ്യുന്ന സാധാരണ തൊഴിലാളികളുമാണ്.
ഇലക്ട്രോലൈറ്റുകൾ കുറയുന്നത്, സൂര്യാതപം, കൂടിയ പനി, നിർജലീകരണം തുടങ്ങിയവയാണ് മരണകാരണമായിരിക്കുന്നത്. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 52.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നു. ഡൽഹി പുറമേ രാജസ്ഥാൻ, ഉത്തർപ്രദേശ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, തലകറക്കം, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്,കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുക, മൂത്രത്തിന്റെ നിറം കടുംമഞ്ഞ ആവുക, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാൽ ഉടൻ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക
തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക. ഫാൻ, എ.സി. അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ഫലങ്ങളും സാലഡുകളും കഴിക്കാൻ നൽകണം.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല