1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2024

സ്വന്തം ലേഖകൻ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു വരികയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്.

വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് വിദഗ്ധ സംഘത്തെ അമേരിക്ക അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണികൊറിയയെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. 181 യാത്രക്കാരിൽ രണ്ട് പേർ മാത്രമായിരുന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട രണ്ട് പേരും വിമാനത്തിലെ ജീവനക്കാരാണ്. ലാൻഡിങ് ​ഗിയറിനുണ്ടായ തകരാർ മൂലം ബെല്ലി ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ ഫലവത്തായില്ല. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കൺട്രോൾ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു.

ബാങ്കോക്കിൽ നിന്ന് യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 175 പേർ യാത്രക്കാരും ആറ് പേർ ജീവനക്കാരുമായിരുന്നു.

175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരന്മാരും രണ്ട് പേർ തായ്‌ലൻഡ് സ്വദേശികളുമായിരുന്നു. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയർ അധികൃതർ രംഗത്തെത്തിയിരുന്നു. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ദക്ഷിണകൊറിയയിൽ ഏഴ് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ലോകനേതാക്കളാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം.

ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.

ലാന്‍ഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പ്രതികൂല കാലാവസ്ഥയും കാരണമായതായി പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.