സ്വന്തം ലേഖകൻ: രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ നിരോധനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനം വരുന്നു. പബ്ബ് ഗാർഡനുകൾ, ഔട്ട് ഡോർ റസ്റ്ററന്റുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, ആശുപത്രിയുടെ പരിസരം എന്നിവിടങ്ങളിലേക്കുകൂടി പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
തിരഞ്ഞെടുപ്പിന് മുമ്പ് മുൻ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ടുബാക്കോ ആൻഡ് വേപ്പിങ് ബില്ല് പ്രകാരം 2009നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കില്ല. ഓരോവർഷവും ഇവ വാങ്ങാവുന്ന പ്രായപരിധി ഉയർത്തി നിരോധനം സാധ്യമാക്കാനാണ് ബില്ല് നിർദേശിക്കുന്നത്.
ഈ ബില്ല് പ്രകാരം 2009 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്ക് പുകയില ഉൽപന്നങ്ങൾ വാങ്ങാനേ കഴിയില്ല. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഈ തീരുമാനം രാജാവ് ശരിവയ്ക്കുന്നുണ്ടെങ്കിലും പഴയ സർക്കാർ അവതരിപ്പിച്ച ബില്ല് അതേപടി പാസാക്കാൻ ലേബർ സർക്കാർ തയാറല്ല.
കൂടുതൽ മാറ്റങ്ങളോടെ നിയമം പ്രാബല്യത്തിലാക്കാനാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. രാജ്യത്ത് ഓരോ വർഷവും പുകവലിമൂലം ജീവൻ നഷ്ടപ്പെടുന്നത് 80,000 പേർക്കാണ്. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എൻഎച്ച്എസിന് നൽകുന്ന സമ്മർദം വേറെയും.
ഇതുമൂലം നികുതിദായകർക്ക് ഉണ്ടാകുന്ന നഷ്ടവും ദശലക്ഷങ്ങളാണ്. പുകയില ഉൽപന്നങ്ങളുടെ വിൽപനയിലൂടെ സർക്കാരിന് ലഭിക്കുന്ന നികുതിയിലേക്കാളേറെ പണം ഇവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ എൻഎച്ച്എസ് ചെലവഴിക്കുന്നു എന്നാണ് കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല