1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2024

സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞിട്ടും ചൂടുമാറാതെ ഇവിഎം ചർച്ച. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ എഐ സംവിധാനങ്ങൾ വഴിയോ, മനുഷ്യർക്ക് നേരിട്ടോ ഹാക്ക് ചയ്യാൻ സാധിക്കുമെന്നും വോട്ടിങ് മെഷിനുകൾ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ള എക്സ് മേധാവി എലോൺ മസ്കിന്റെ ട്വീറ്റിനെ തുടർന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തി.

എലോൺ മസ്ക് ഇന്ത്യയിലെ വോട്ടിങ് മെഷിനുകളുടെ സുരക്ഷയെക്കുറിച്ച് മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും, അമേരിക്കയിലും മറ്റും നിർമിച്ചതുപോലെ സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ച് നിർമിച്ചവയല്ല ഇന്ത്യയിലെ വോട്ടിങ് മെഷിനുകളെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഇന്റർനെറ്റ് വഴിയോ ബ്ലൂടൂത്ത് വഴിയോ ബന്ധിപ്പിക്കാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യയിലെ വോട്ടിങ് മെഷിനുകൾ നിർമിച്ചിരിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

ഇന്ത്യ നിർമിച്ചതുപോലെയാണ് ഇവിഎമ്മുകൾ നിർമിക്കേണ്ടതെന്നും, ആവശ്യമാണെങ്കിൽ തങ്ങൾ പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു. ആർക്കും സുരക്ഷിതമായ ഒരു ഇലക്ട്രോണിക് ഉപകരണവും നിർമിക്കാൻ സാധിക്കില്ല എന്ന സാമാന്യവത്കരണത്തിന്റെ ഭാഗമാണ് എലോൺ മസ്കിന്റെ വാദമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.

പ്യൂർട്ടോ റിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷിനുകളിൽ തിരിമറി നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി എലോൺ മാസ്ക് രംഗത്തെത്തിയത്.

ഇവിഎമ്മുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശങ്കകൾ അവതരിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചർച്ചയുടെ ഭാഗമായി. ഇന്ത്യയിൽ ഇവിഎമ്മുകൾ ബ്ലാക്ക് ബോക്സുകളാണ്. അതുമായി ബന്ധപ്പെട്ട് എന്ത് ആരോപണമുണ്ടെങ്കിലും പരിശോധിക്കാനുള്ള അനുവാദം ആർക്കും ലഭിക്കില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ഇന്ത്യയിൽ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഉള്ളു. തിരഞ്ഞെടുപ്പ്‌ സമയത്ത് തന്നെ സുപ്രീംകോടതിയിലുൾപ്പെടെ ഇവിഎമ്മുമായി ബന്ധപ്പെട്ട പരാതികൾ എത്തിയിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ മാസമാണ് കേവലം ആരോപണങ്ങളുടെ പേരിൽ ഇവിഎമ്മുമായി ബന്ധപ്പെട്ട് ഉത്തരവിറക്കാൻ സാധിക്കില്ല എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. കോടതിയെ സംബന്ധിച്ചിടത്തോളം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തതാണ് ആദ്യമായി ഇവിഎമ്മിന് തകരാറുണ്ടാകുന്നത്.

അത് മനുഷ്യ നിർമിതമായ തകരാർ മാത്രമാണെന്നായിരുന്നു വിലയിരുത്തൽ. ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോക്ക് പോൾ നടന്നപ്പോൾ എല്ലാ വോട്ടുകളും ബിജെപിക്ക് പോകുന്നതായുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നു. ജസ്റ്റിസ് സഞ്ജിവ് ഖന്നയും ദിപ്പാൻകാർ ദത്തയുമുൾപ്പെടുന്ന ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയം പരിശോധിക്കാനാവശ്യപ്പെടുകയും ചെയ്തു. പരിശോധനയ്ക്കു ശേഷം വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് തിരഞ്ഞെടുപ്പ്‌ കമ്മീഷൻ കോടതിയെ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.