സുരക്ഷിതമല്ലാത്ത ബിസിനസ് സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും വെബ് സൈറ്റുകളിലും കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ചു വ്യാജ കാര്‍ഡ് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ യു കെയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു.ഇത്തരത്തിലുള്ള ചതിയില്‍ പെട്ട് ബര്‍മിംഗ്ഹാം സ്വദേശിയായ ഒരു മലയാളിക്ക് നഷ്ട്ടപ്പെട്ടത് ഏകദേശം 1850 പൌണ്ടോളമാണ്.
തട്ടിപ്പിന് ഇരയായ വ്യക്തി എന്‍ ആര്‍ ഐ മലയാളി പ്രതിനിധിയോടു സംഭവം വിവരിച്ചത് ഇങ്ങനെ :
ഇന്റെര്‍നെറ്റിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്ഥിരമായി കാര്‍ഡ് ഉപയോഗിക്കുന്ന ഇയാള്‍ ഇക്കഴിഞ്ഞ ദിവസം മാസ ശമ്പളം വന്നോ എന്നറിയാന്‍ ഇന്റര്‍നെറ്റ് ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് അക്കൌണ്ടില്‍ പണം കുറഞ്ഞെന്ന സത്യം മനസിലാക്കിയത്.
ആദ്യ തട്ടിപ്പ് പേപാല്‍ വഴി
ആദ്യ ദിവസം ബാങ്ക് ബാലന്‍സ് കുറഞ്ഞത് 86 പൌണ്ടായിരുന്നു.ബാങ്ക് അക്കൌണ്ടില്‍ ഈ തുക പേപാലിനു നകിയതായും കാണിച്ചിരുന്നു.പേപാല്‍ വഴി യാതൊരു പര്‍ച്ചേസും അടുത്ത കാലത്ത് നടത്താതതിനാല്‍ പേപാലുമായി ബന്ധപ്പെട്ടപ്പോള്‍ ആണ് തട്ടിപ്പ് വ്യക്തമായത്.
തട്ടിപ്പിന് ഇരയായ വ്യക്തിയുടേതിനു സമാനമായ പേപാല്‍ അക്കൌണ്ട് ഉണ്ടാക്കി പണം തട്ടുകയായിരുന്നു.ഈ അക്കൌണ്ടില്‍ കൊടുത്ത കാര്‍ഡ് വിവരങ്ങള്‍ ആകട്ടെ യഥാര്‍ത്ഥ പേപാല്‍ അക്കൌണ്ടിലെതും.തട്ടിപ്പ് മനസിലായ പേപാല്‍ അധികൃതര്‍ പണം തിരികെ തരാമെന്നു സമ്മതിച്ചിട്ടുണ്ട്.
രണ്ടാം തട്ടിപ്പ് BT വഴി
പേപാല്‍ തട്ടിപ്പ് മനസിലായിട്ടും കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാത്തതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അടുത്ത തട്ടിപ്പും അരങ്ങേറി.ഇത്തവണ ബാങ്ക് ബാലന്‍സിന്റെ കനം കുറഞ്ഞത് 888 .31 പൌണ്ടാണ്.പേയ്മെന്റ് എടുത്തതാകട്ടെ ബ്രിട്ടീഷ് ടെലികോമും.മാസം ഇരുപതു പൌണ്ടില്‍ താഴെ മാത്രം ഡയറകറ്റ് ഡെബിറ്റ് ആയി വരുന്ന BT ബില്‍ ഇത്തവണ കാര്‍ഡ് വഴി എടുത്തത് 888 .31 പൌണ്ട്.വിവരം അറിയാന്‍ BT -യെ വിളിച്ചപ്പോള്‍ അവര്‍ അങ്ങിനെയൊരു പേയ്മെന്റ് എടുത്തിട്ടെയില്ല.
മൂന്നാം തട്ടിപ്പും BT വഴി
BT വഴി 888 .31 പൌണ്ട് പോയത് മനസിലാക്കിയ ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു.ഫ്രോഡ് അന്വേഷണത്തിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യപ്പെടുകയും ചെയ്തു.തൊട്ടടുത്ത ദിവസം വീണ്ടും അക്കൌണ്ട് നോക്കിയപ്പോള്‍ അടുത്ത 888 .31 പൌണ്ട് കൂടി BT -യുടെ പേരില്‍ കൊണ്ടുപോയിരിക്കുന്നു.കാര്‍ഡ് ക്യാന്‍സല്‍ ചെയ്തിട്ടും പണം പോയതെന്തെന്നു ബാങ്കില്‍ തിരക്കിയപ്പോള്‍ ആദ്യ ദിവസം തന്നെ 888 .31 പൌണ്ട് രണ്ടു തവണ തട്ടിയിരുന്നു എന്നായിരുന്നു ലഭിച്ച മറുപടി.
പണം തിരികെ ലഭിക്കും
മാസ ശമ്പളം മുഴുവന്‍ തട്ടിപ്പുകാര്‍ കൊണ്ടുപോയതില്‍ വിഷമിച്ചിരിക്കുന്ന ഇടപാടുകാരനോട് പണം തിരികെ ലഭിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യകതമാക്കിയിരിക്കുന്നത്.കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രം.
അനുബന്ധ നടപടി : കേസെടുക്കും ,പക്ഷെ ആരാണ് പണം തട്ടിയതെന്നു അറിയാനുള്ള അവകാശം ഇടപാടുകാരനില്ല
കസ്റ്റമറുടെ പരാതി അടങ്ങുന്ന പേപ്പര്‍ വര്‍ക്കുകള്‍ കിട്ടുന്ന മുറയ്ക്ക് പരാതി എടുത്തു അന്വേഷിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.എന്നാല്‍ ആരാണ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്ന് വെളിപ്പെടുത്താന്‍ യു കെയിലെ നിയമങ്ങള്‍ ബാങ്കിനെ അനുവദിക്കുന്നില്ല.
തട്ടിപ്പിന് ഇരയായതിന്റെ മാനസിക വ്യഥയില്‍ നിന്നും കരകേറുന്ന ഈ വ്യക്തിക്ക് യു കെയിലെ മലയാളി സുഹൃത്തുക്കളോട് ഒന്നേ പറയുവാനുള്ളൂ.നിവൃത്തിയുണ്ടെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തരുത്.അഥവാ നടത്തുകയാണെങ്കില്‍ അത് നല്ല കടകളിലും പമ്പുകളിലും വെബ് സൈറ്റുകളിലും മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല