1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര കുടുംബങ്ങളിൽ 58 ശതമാനം) സമ്പാദ്യമുള്ളപ്പോൾ, കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങൾക്കും സമ്പാദ്യമില്ല. ഗോവ മാത്രമാണ്‌ ഇക്കാര്യത്തിൽ (29 ശതമാനം) കേരളത്തിന് പിന്നിലുള്ളത്.

സമ്പാദ്യക്കാര്യത്തിൽ ഉത്തരാഖണ്ഡ് (93 ശതമാനം), ഉത്തർപ്രദേശ് (84 ശതമാനം), ഝാർഖണ്ഡ് (83 ശതമാനം) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളിൽ. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്പാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതൽ 2022 ജൂൺ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവിൽ, സമ്പാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്പാദ്യം ശരാശരി 20,139 രൂപയാണ്.

ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകൾ, സ്ഥിരനിക്ഷേപം, ഓഹരികൾ, കിസാൻ വികാസ് പത്ര, ബോണ്ടുകൾ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ 20 ശതമാനത്തിൽ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.

രാജ്യത്താകെ 52 ശതമാനം കുടുംബങ്ങൾ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളിൽ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങൾക്ക് 91231, മറ്റുള്ളവർക്ക് 89074). എന്നാൽ, പ്രതികുടുംബ കടം ഏറ്റവും കൂടുതൽ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ഝാർഖണ്ഡിലും-21,060 രൂപ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.