സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി യുകെയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്. മുൻവർഷങ്ങളേക്കാൾ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 23ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയുടെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
2023 ജൂൺ മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്. ആശ്രിത വീസയിൽ യുകെയിൽ എത്തുന്നതിന് നിബന്ധനകൾ വെച്ചതാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണം. സ്റ്റുഡന്റ് വീസ ഗ്രാന്റുകൾ കാരണം നിലവിലുള്ള വിദ്യാർഥികൾ തുടരുമെങ്കിലും കുടിയേറ്റത്തിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ഭാവിയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകാനാണ് സാധ്യത.
2024 ജൂൺ വരെ പഠനവീസയ്ക്കായി അപേക്ഷിക്കുന്നവരിൽ 25ശതമാനവും ഇന്ത്യൻ വിദ്യാർഥികളായിരുന്നു. എന്നാൽ മുൻവർഷത്തേക്കാൾ 32,687 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം നൈജീരിയൻ വിദ്യാർഥികളുടെ എണ്ണത്തിലും കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ നൈജീരിയയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ 43ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുകെയിലെ മിക്ക സർവ്വകലാശാലകളുടെയും നടത്തിപ്പിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് ശേഖരിക്കുന്ന ഫീസായിരുന്നു മിക്ക സർവ്വകലാശാലകളുടെയും പ്രധാന സാമ്പത്തിക സോത്രസ്സ്. എന്നാൽ, വിദേശത്ത് നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല