സ്വന്തം ലേഖകന്‍: സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്യു കാര്‍ തിരിച്ചുനല്‍കുന്നു എന്നത് വ്യാജവാര്‍ത്ത, ഒളിമ്പ്യന്‍ ദീപ കര്‍മാകര്‍. ചെലവ് താങ്ങാനാകാതെ പാരിതോഷികമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ ദീപ തിരിച്ചു നല്‍കുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. സച്ചിന്‍ സമ്മാനിച്ച് കാര്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജിംനാസ്റ്റ് താരം ദീപ കര്‍മാകര്‍ പറഞ്ഞു.
”സച്ചിന്‍ സാറിന്റെ കയ്യില്‍ നിന്ന് ഒരു സമ്മാനം ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹമാണ് എനിക്ക് കാറിന്റെ കീ സമ്മാനിച്ചത്. അത് നിരസിക്കുന്നതിനെക്കുറിച്ചോ തിരിച്ചു നല്‍കുന്നതിനെക്കുറിച്ചോ എനിക്ക് ചിന്തിക്കാനാകില്ല,’ ദീപ പറഞ്ഞു.
ത്രിപുരയിലെ റോഡുകള്‍ മോശമായതിനാലും കാര്‍ കൊണ്ടു നടക്കാന്‍ ഭീമമായ തുക ചെലവാകുമെന്നതിനാലും ദീപ ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
അതേസമയം അഗര്‍ത്തലയില്‍ ബി.എം.ഡബ്ലൂവിന് ഷോറൂമുകളോ സര്‍വീസ് സെന്ററുകളോ ഇല്ലാത്തതിനാല്‍ അവിടെ സര്‍വീസ് ലഭ്യമായ മറ്റേതെങ്കിലും കാര്‍ നല്‍കാന്‍ ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ മുഖേന ആവശ്യപ്പെട്ടിരുന്നതായി ദീപയും പിതാവും സ്ഥിരീകരിച്ചു. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വഴിയാണ് ദീപയ്ക്കും മറ്റ് ഒളിംപ്യന്‍മാര്‍ക്കും സച്ചിന്‍ ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല