സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ വെള്ളി നേടിയത്. ദീപയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. റിയോ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്.
അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായ ദീപ എഫ്– 53 വിഭാഗത്തിലാണു മെഡല്‍ നേടിയത്. ആറു ശ്രമങ്ങളില്‍ 4.61 മീറ്റര്‍ കടന്ന ത്രോയിലായിരുന്നു വെള്ളി.
സാക്ഷി മാലിക്കിന്റെ സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള ദീപ മാലിക്കിനു നാലുകോടി രൂപ സമ്മാനമായി ലഭിക്കും.
ദീപക്കൊപ്പം മത്സരിച്ച ബഹ്‌റൈന്‍ താരം ഫത്തേമ നേധം 4.76 മീറ്റര്‍ കണ്ടെത്തി സ്വര്‍ണം സ്വന്തമാക്കി. ഗ്രീസിന്റെ ദിമിത്രിയ കോറോകിഡ 4.28 മീറ്ററോടെ വെങ്കലം നേടി.
17 വര്‍ഷം മുന്‍പു നട്ടെല്ലിനു ബാധിച്ച ട്യൂമറാണ് ദീപയുടെ ജീവിതം മാറ്റിയെഴുതിയത്. അതോടെ അരക്കു താഴേയ്ക്കു തളര്‍ന്ന ദീപക്ക് നടക്കാന്‍ പറ്റാതായി. ട്യൂമര്‍ നീക്കാന്‍ 31 ശസ്ത്രക്രിയകള്‍ നടത്തി. 183 തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു. പട്ടാള ഓഫിസറുടെ ഭാര്യയായ ദീപ രണ്ടുകുട്ടികളുടെ അമ്മയുമാണ്. ഷോട്പുട്ടിനു പുറമേ ദീപ ജാവലിന്‍ ത്രോയിലും നീന്തലിലും പങ്കെടുത്തിരുന്നു. പ്രചോദനാത്മക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയയാണ് ദീപ.
രാജ്യാന്തര നീന്തല്‍ മല്‍സരങ്ങളില്‍ ദീപ മെഡലുകള്‍ നേടിയിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. ഷോട്പുട്ടിലും ഡിസ്‌കസിലും 2011 വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുണ്ട്. പുരുഷ ഹൈജംപില്‍ കഴിഞ്ഞ ദിവസം മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ സിങ് ഭാട്ടി വെങ്കലവും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല