1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2018

സ്വന്തം ലേഖകന്‍: മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദി എന്ന അധോലോക റാണിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി. ദീപിക പദുക്കോണിന്റെ അടുത്ത ചിത്രം സപ്നാ ദീദിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിശാല്‍ ഭരദ്വാജ്. സപ്നാ ദീദിയായി ദീപികയെത്തുമ്പോള്‍ നായകനാകുന്നത് ഇര്‍ഫാന്‍ ഖാന്‍.

തന്റെ ഭര്‍ത്താവിനെ പോലീസ് ഏറ്റുമുട്ടലില്‍ പെടുത്തി കൊലപ്പെടുത്തിയ ദാവൂദിനെതിരെ പ്രതികാരം ചെയ്യാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്നതോടെയാണ് സപ്നാ ദീദി ശ്രദ്ധിക്കപ്പെടുന്നത്. പ്രതികാരത്തിനായി ദാവൂദിന്റെ മുഖ്യ ശത്രുക്കളില്‍ ഒരാളായ ഹുസ്സൈദ് ഉസ്തരയുമായി അവര്‍ കൈകോര്‍ത്തു. ബൈക്ക് ഓടിക്കാനും തോക്ക് ഉപയോഗിക്കാനും ഒക്കെ പഠിച്ച അവര്‍ കുറിച്ചു കാലം ദാവൂദിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍ ആയും പ്രവര്‍ത്തിച്ചു. ഒടുവില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ദാവൂദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട അവര്‍ കണക്കുകള്‍ പിഴച്ചു അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

എസ്.ഹുസൈന്‍ സൈദിയുടെ ‘മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. കുറച്ചു കാലം മുന്‍പ് വിശാല്‍ ഭരദ്വാജ് ഈ ചിത്രത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു എന്നും അതിന് ശേഷം പല തിരക്കുകളിലും പെട്ട് പോയ വിശാലിനെ താന്‍ വിടാതെ പിന്തുടര്‍ന്ന് ഈ ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് ദീപിക പദുക്കോണ്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

‘കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ കേട്ട സ്‌ക്രിപ്റ്റുകളില്‍ ഈ കഥയോടാണ് ഏറ്റവും പ്രിയം തോന്നിയത്. വിശാല്‍ ഈ സ്‌ക്രിപ്റ്റ് എന്റെ അടുത്ത് കൊണ്ട് വന്നെങ്കിലും, അതെനിക്ക് അന്ന് തന്നെ ഇഷ്ടപ്പെട്ടു എങ്കിലും അന്നത് ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് ഞാന്‍ റെഡി ആയപ്പോള്‍ അദ്ദേഹം വേറെ തിരക്കുകളില്‍ പെട്ടു. പിന്നെ ഞാന്‍ വിടാതെ പിന്തുടര്‍ന്ന് ഈ ചിത്രം ചെയ്യാന്‍ എത്തിക്കുകയായിരുന്നു.’

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.