സ്വന്തം ലേഖകൻ: കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് ‘ഛപാക്’ സിനിമയിൽ ദീപിക പദുക്കോണിന്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്.
സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ മലയാള സിനിമ ‘ഉയരെ’യിലെ പാർവതിയുടെ കഥാപാത്രത്തോടാണ് സോഷ്യൽ ലോകം ദീപികയെ താരതമ്യം ചെയ്തത്. ‘ഉയരെ’യിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്.
പാർവതിയുമായുളള താരതമ്യപ്പെടുത്തലുകൾക്ക് രാജീവ് മസന്ദിനു നൽകിയ അഭിമുഖത്തിലൂടെ ദീപിക മറുപടി പറഞ്ഞിരിക്കുകയാണ്. താരതമ്യപ്പെടുത്തലുകൾ അണിയറ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ”ഓരോരുത്തരും വ്യത്യസ്ത രീതികളിലായിരിക്കും ഇത് പറയുന്നത്. മറ്റൊരാൾ ലക്ഷ്മിയെക്കുറിച്ചോ അല്ലെങ്കിൽ ആസിഡ് ആക്രമണത്തെക്കുറിച്ചോ സിനിമ നിർമിക്കാൻ തീരുമാനിച്ചേക്കാം. ഓരോ സിനിമയ്ക്കും വ്യത്യസ്ത അവതരണം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു” ദീപിക പറഞ്ഞു.
“സിനിമ വളരെ ശക്തമായ ഒരു മാധ്യമമാണ്, അതിനാലാണ് ഞങ്ങൾ ഈ കഥകൾ പറയാൻ തിരഞ്ഞെടുത്തത്. ആസിഡ് ആക്രമണം മാത്രമല്ല പീഡനം, മറ്റു വിഷയങ്ങളൊക്കെ സിനിമയിലൂടെ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശബാന ജി പോലും അതുപോലൊരു സിനിമ ചെയ്തു. ഒരേ വിഷയത്തിൽ നിരവധി സിനിമകൾ വന്നിട്ടുണ്ട്. അതിനാൽ ആശങ്കകളൊന്നുമില്ല,” ദീപിക വ്യക്തമാക്കി.
അടുത്ത ജനുവരി 10 നാണ് ഛപാക് തിയറ്ററുകളിൽ എത്തുക. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല