സ്വന്തം ലേഖകന്‍: എന്തുകൊണ്ട് ദീപിക പദുക്കോണിനു പകരം മാളവിക? കാരണം വെളിപ്പെടുത്തി ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി. തന്റെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സില്‍ നിന്ന് മജീദി ദീപിക പാദുക്കോണിനെ മാറ്റി പകരം മാളവികാ മോഹനനെ നായികയാക്കിയത് വാര്‍ത്തയായിരുന്നു. ഒരു അഭിമുഖത്തിലാണ് മാറ്റത്തിന്റെ കാരണം മജീദി വിശദീകരിച്ചത്.
‘ദീപികയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാന്‍ ദീപികയെ ആദ്യം പരിഗണിച്ചത്. ക്യാമറ ടെസ്റ്റിന് വിളിച്ചത് ദീപികയുടെ കഴിവിനെ പരീക്ഷിക്കാന്‍ അല്ലായിരുന്നു. അവര്‍ ഒരു നല്ല നടിയാണെന്ന് എനിക്കറിയാം. എന്റെ കഥാപാത്രത്തിന് ചേരുമോ എന്നതുമാത്രമായിരുന്നു ഞാന്‍ നോക്കിയത്. എന്നാല്‍ എന്റെ ആ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ പോയില്ല. മറ്റൊന്നുമല്ല ഇതിന് കാരണം,’ മജീദ് മജീദി പറയുന്നു.
ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഹിന്ദിയിലാണ് ബിയോണ്ട് ദ ക്ലൗഡ്‌സ് ഒരുക്കുന്നത്. മലയാളിയായ ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘പട്ടം പോലെ’ എന്ന മലയാളചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാളവികാ മോഹനന്‍ നിര്‍ണായകം, നാനു മാട്ടു വരലക്ഷ്മി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ മാളവിക ഒരു പ്രധാന വേഷം ചെയ്തിരുന്നു.
നടന്‍ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ഖട്ടറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആവിഷ്‌കാരമാണ് ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രമെന്ന് അണിയറ ശില്പികള്‍ പറയുന്നു. എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല