സ്വന്തം ലേഖകൻ: റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ ശിക്ഷ ലഭിക്കും. റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചയാൾക്കും റോഡ് കുറുകെ കടന്നയാൾക്കും ദുബായ് കോടതി പിഴയീടാക്കി. കാൽനട യാത്രക്കാരന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനു ഡ്രൈവർക്ക് 3000 ദിർഹം പിഴയും സീബ്രാ ക്രോസ് ഇല്ലാത്ത സ്ഥലത്ത് അലക്ഷ്യമായി റോഡ് മുറിച്ചു കടന്നതിനു 200 ദിർഹവുമാണ് പിഴ ലഭിച്ചത്.
റോഡ് മുറിച്ചു കടക്കാൻ സീബ്രാ ക്രോസ്, ഫൂട്ട് ഓവർ ബ്രിജ്, സബ് വേ എന്നിവ ഉപയോഗിക്കണം. ഇത് ലംഘിച്ചാൽ 400 ദിർഹമാണ് പരമാവധി പിഴ. കഴിഞ്ഞ വർഷം റോഡിലിറങ്ങി അച്ചടക്കമില്ലാതെ നടന്നവരുണ്ടാക്കിയ അപകടങ്ങളിൽ 8 പേരാണ് മരിച്ചത്. 339 പേർക്കു പരുക്കേറ്റു. സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലങ്ങളിൽ റോഡ് കുറുകെ കടന്നവരാണ് പരുക്കേറ്റവരിൽ അധികവും. റോഡിൽ അച്ചടക്കമില്ലാതെ നടന്നതിനു കഴിഞ്ഞ വർഷം 44000 പേർക്കാണ് പിഴ ലഭിച്ചത്.
നിർദിഷ്ട സ്ഥലത്തു കൂടിയല്ലാതെ റോഡ് മുറിച്ചു കടന്നുണ്ടാകുന്ന അപകടങ്ങളിൽ കാൽനട യാത്രക്കാരനു ലഭിക്കുന്നതിന്റെ 5 ഇരട്ടി പിഴയാണ് ഡ്രൈവർമാർക്കു ലഭിക്കുക. സീബ്രാ ക്രോസുകളിൽ കാൽനടക്കാർക്കു പ്രാധാന്യം നൽകിയില്ലെങ്കിൽ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും. സീബ്രാ ക്രോസുകളിൽ കാൽനടക്കാർ മറുവശം എത്താതെ വാഹനം നീങ്ങാൻ പാടില്ല. ക്രോസിങ് പൂർത്തിയാകും മുൻപ് വാഹനമോടിച്ചാൽ ഡ്രൈവർമാർക്ക് പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല