1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2024

സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ ഇക്കൊല്ലം ആദ്യപകുതിയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ ജൂൺ 30-ഓടെ വിദഗ്ധ തൊഴിൽവിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തിൽ ഒരുശതമാനം വളർച്ച കൈവരിക്കണമെന്നാണ് നിബന്ധന.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചമുതൽ 48,000 ദിർഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വിവരം കൈമാറുകയുംചെയ്യും.

ഇതുവരെയുള്ള സ്വദേശിവത്കരണലക്ഷ്യങ്ങൾ കൈവരിച്ച സ്വകാര്യസ്ഥാപനങ്ങളെ അധികൃതർ അഭിനന്ദിച്ചു. സ്വദേശിജീവനക്കാരെ പെൻഷൻ ഫണ്ട്, വേതനസംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്.) എന്നിവയിൽ രജിസ്റ്റർചെയ്യണമെന്നും സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

സ്വകാര്യമേഖലയിൽ കൂടുതൽ യു.എ.ഇ. പൗരന്മാർ ജോലിക്കെത്തിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായിട്ടുണ്ട്. സ്വദേശിവത്കരണത്തെക്കുറിച്ച് അവബോധം വർധിപ്പിക്കാനായി മന്ത്രാലയം രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി. നിലവിൽ യു.എ.ഇ.യിലെ 20,000-ത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളിലായി ഒരുലക്ഷത്തിലേറെ സ്വദേശികൾ ജോലിചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നത്. അടുത്ത മൂന്നുവർഷത്തിനകം 1,00,000 തൊഴിലവസരങ്ങൾകൂടി സൃഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യമേഖലയിൽ മൂന്നുവർഷം പ്രവൃത്തി പരിചയമുള്ളവർക്ക് സർക്കാർജോലിയിൽ മുൻഗണന നൽകുന്ന നയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

സ്വദേശിനിയമനങ്ങളിൽ ക്രമക്കേട് നടത്തിയ 1379 സ്വകാര്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 2022-ന്റെ പകുതിമുതൽ ഈമാസം 16 വരെയായി 2170 വ്യാജനിയമനങ്ങളും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 20,000 (4.5 ലക്ഷം രൂപ) മുതൽ ലക്ഷം (22.7 ലക്ഷംരൂപ) ദിർഹംവരെയാണ് പിഴചുമത്തിയത്. നിയമലംഘനങ്ങൾ മന്ത്രാലയത്തിന്റെ കോൾസെന്ററിലൂടെയോ (600590000) ആപ്പിലൂടെയോ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.