1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2024

സ്വന്തം ലേഖകൻ: കുവൈത്ത് ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച് ബാങ്ക് അധികൃതർ. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ ബാങ്ക് അധികൃതർ കേരളാ പൊലീസിന് പരാതി നൽകിയ സാഹചര്യത്തിൽ വായ്പ എടുത്തവർക്ക് ബാങ്കിന്റെ പുതിയ തീരുമാനം കൂടുതൽ ആശ്വാസമാകും. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർക്ക് ഘട്ടം ഘട്ടമായി പണം അടയ്ക്കാനുള്ള അവസരം നൽകുമെന്നാണ് ബാങ്കിന്റെ പ്രഖ്യാപനം. ഇതിനായി ബാങ്കിന്റെ കുവൈത്തിലെ കളക്ഷൻ വകുപ്പുമായി ബന്ധപ്പെടാനാണ് നിർദേശം.

കുവൈത്തിലെ ബാങ്കിൽ‌ നിന്ന് 700 കോടി രൂപയോളമാണ് മലയാളികൾ വായ്പയെടുത്തത്. തിരിച്ചടവിൽ വീഴ്ച വരുത്തി മാസങ്ങളായിട്ടും ബാങ്കിനെ ബന്ധപ്പെടാതിരുന്ന സാഹചര്യത്തിലാണ് അധികൃതർ കേരളത്തിലെത്തി എഡിജിപിക്ക് നേരിട്ട് ആയിരത്തിലധികം വരുന്ന മലയാളികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളിൽ വെള്ളിയാഴ്ച വാർത്തകൾ വന്നതോടെ വായ്പ എടുത്തവർ വലിയ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ബാങ്കിലേക്ക് പ്രശ്നം പരിഹാരം തേടി ഒട്ടനവധി ഫോൺ കോളുകളും ഇ–മെയിലുകളുമാണ് എത്തിയത്.

ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞവര്‍ക്ക് എതിരെ കുവൈത്തില്‍ ആദ്യം കേസ് റജിസ്റ്റർ ചെയ്ത ശേഷമാണ് കേരളത്തിലെത്തി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള ആദ്യ പരാതിയാണ് കേരളത്തില്‍ നല്‍കിയത്. കേസിലകപ്പെട്ടവര്‍ നാട്ടില്‍ നിയമനടപടിക്ക് വിധേയരാകുന്നതോടൊപ്പം കുവൈത്തിലേക്കു വരുന്നതിനുള്ള യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഇന്ത്യയിലേക്ക് പോയവരെ കൂടാതെ, മറ്റു രാജ്യങ്ങളിലേക്ക് കടന്നവരെയും കളക്ഷന്‍ ഏജന്‍സി വഴി ബന്ധപ്പെട്ട് പണം തിരികെ പിടിക്കാനുള്ള നീക്കം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിനായി മറ്റു രാജ്യങ്ങളിലേക്കും ഉടന്‍തന്നെ അധികൃതര്‍ പരാതികളുമായി മുന്നോട്ടു പോകും.

2019-2022 കാലയളവിലാണ് കൂടുതൽ പേരും വായ്പയെടുത്തിട്ടുള്ളത്. 700 കോടിയോളം ഇന്ത്യന്‍ രൂപ കബളിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്. ലോണ്‍ തരപ്പെടുത്തിയവരില്‍ കൂടുതലും നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ്. ശമ്പള സര്‍ട്ടിഫിക്കറ്റിനൊപ്പം, കുവൈത്ത് ആരോഗ്യമന്ത്രാലയം (എംഒഎച്ച്), മറ്റ് തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കണ്ടിന്യൂറ്റി ലെറ്ററും സമര്‍പ്പിച്ചാണ് വായ്പ തരപ്പെടുത്തിയിരുന്നത്. കണ്ടിന്യൂറ്റി ലെറ്റര്‍ ഗ്യാരണ്ടി അല്ല. മറിച്ച്, അവരുടെ ശമ്പളം കൃത്യമായി ബാങ്കില്‍ വരുന്നുണ്ടോയെന്നും ശമ്പളം മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ അനുവദിക്കാതിരിക്കാനും വേണ്ടിയുള്ളതാണ്.

അതുകൊണ്ടു തന്നെ കുവൈത്തിലെ ജോലി രാജി വച്ച് മറ്റ് രാജ്യങ്ങളിലേക്ക് പോയവരിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ കഴിയില്ല. ഈ സാഹചര്യം പലരും ബോധപൂര്‍വ്വം മുതലെടുക്കുകയായിരുന്നു. കോവിഡിന് ശേഷം കുവൈത്തിൽ നിന്ന് യുകെ, കാനഡ, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയാവശ്യത്തിന് പോയവരില്‍ പലരും ലോണ്‍ അടക്കാത്തവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിദേശത്തേക്ക് പോകാന്‍ വേണ്ട രേഖകൾ തയാറാക്കാൻ തുടങ്ങിയ സമയത്ത് ലോണ്‍ എടുത്തിട്ട് 4-5 മാസം മാത്രം തിരിച്ചടവ് നൽകിയ ശേഷം മുങ്ങിയവരുമുണ്ട്.

8-10 മാസത്തെ ലോണ്‍ തുക അഡ്വാന്‍സായി ബാങ്കില്‍ ഇട്ട വിരുതരും ഉണ്ട്. പോകുന്ന രാജ്യത്തെ താമസ രേഖ ശരിയാക്കുന്നത് വരെ മറ്റ് തടസങ്ങള്‍ വരാതിരിക്കാന്‍ ആയിരുന്നു ഈ മുന്‍കൂര്‍ പ്ലാന്‍. മാത്രമല്ല, തിരിച്ചടവ് മുടങ്ങാതെ വരുമ്പോൾ കുവൈത്തില്‍ നിന്ന് ഈ കാലയളവില്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് അടക്കം നേടാനുമാകും. ഇത്തരത്തില്‍ കൃത്യമായ പ്ലാനോടു കൂടെ ബോധപൂര്‍വ്വം ബാങ്കിനെ കബളിപ്പിച്ചവരുമുണ്ട്.

മറ്റ് രാജ്യത്ത് ജോലി തരപ്പെടുത്തിയ ശേഷം കുവൈത്തില്‍ നിന്ന് രാജി വച്ചിട്ടും സർവീസ് ആനുകൂല്ല്യങ്ങള്‍ ലഭിക്കാതെ പോയവരിൽ പലരും ലോണ്‍ എടുത്തവരുണ്ട്. ഇവരുടെ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്ന പക്ഷം ബാങ്ക് വായ്പയിലേക്കായിരിക്കും എടുക്കുക. അതേസമയം കുവൈത്തിൽ നിന്ന് പോയെങ്കിലും സുഹൃത്തുക്കള്‍ മുഖേനയും മറ്റ് പല രീതിയിലും ലോൺ അടച്ച് തീര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുടിശികയാണെങ്കില്‍ മാത്രമേ യാത്രയ്ക്ക് മുൻപ് തീര്‍ക്കേണ്ട ആവശ്യം വരുന്നുള്ളു എന്നത് മറയാക്കിയാണ് പലരും നാടുവിട്ടത്. പരാതിയുമായി ബാങ്ക് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, ഇടപാടുകള്‍ കഴിയുന്നതും വേഗം തീര്‍ത്തില്ലെങ്കില്‍ നടപടി കടുത്തേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.