
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗൾഫ് ബാങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കോടികൾ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികൾക്കെതിരെ കേരളത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി. ദക്ഷിണ മേഖല ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ലോക്കൽ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറും. എറണാകുളം, കോട്ടയം ജില്ലകളിലായി നിലവിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ എട്ടെണ്ണവും എറണാകുളം റൂറൽ ജില്ലയിലാണ്. ‘ഗൾഫ് ബാങ്ക് കുവൈത്ത് ഷെയർ ഹോൾഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തിൽ നിന്ന് 1400ൽ പരം മലയാളികൾ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗവും നഴ്സുമാരാണ്.
ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ വാസി കമ്രാൻ കേരളത്തിൽ എത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അവരുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതികളിൽ വായ്പ എടുത്തവരുടെ നാട്ടിലെ വിലാസമുണ്ട്. തട്ടിപ്പു നടത്തിയ ശേഷം ഇവർ ഇന്ത്യയിലേക്കു കടന്നുകളഞ്ഞുവെന്നാണ് പരാതി. അതുകൊണ്ടാണ് ഇവിടെ പൊലീസ് കേസെടുത്തത്.
എന്നാൽ, കുവൈത്തിൽ നിന്ന് ഇവർ കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലേക്കു കടന്നുവെന്നാണ് സൂചന. വ്യാപകമായ തട്ടിപ്പിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സംശയിക്കുന്നു. 2020 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ തുടക്കം. 3 മാസം മുൻപാണ് ബാങ്ക് അധികൃതർ ഇതു കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല