1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സ്വന്തം ലേഖകന്‍: ഒരു നേരത്തെ ആഹാരത്തിനായി സ്വര്‍ണമടക്കം എല്ലാം വിറ്റുപെറുക്കുന്ന സിറിയന്‍ നഗരം, ദെയര്‍ എല്‍ സോര്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നിലംപരിശായ സിറിയയിലെ ദെയര്‍ എല്‍ സോര്‍ നഗരത്തിലാണ് വീട് അടക്കമുള്ള ഒട്ടുമിക്ക വിലയേറിയ വസ്തുക്കളും ഒരു നേരത്തെ ആഹാരത്തിനായി നിവാസികള്‍ വിറ്റു തീര്‍ക്കുന്നത്.

ഇവ വാങ്ങാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും സുരക്ഷാ ജീവനക്കാരും ഒരു പോലെ രംഗത്തുണ്ട്. 200,000 ജനസംഖ്യയുള്ള ദെയര്‍ എല്‍ സോര്‍ നഗരത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഭീകരര്‍ തടസ്സപ്പെടുത്തിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. ഒപ്പം പ്രസിഡന്റ് ബഷാര്‍ അസാദിന്റെ സഹായികളും ഭീകരരും പ്രദേശവാസികളുടെ ആഹാരങ്ങളും മറ്റു വസ്തുക്കളും രഹസ്യമായി ചൂഷണം ചെയ്യുന്നതിന് പുറമേയാണിത്.

ഒരു കാലത്ത് പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് പേരുകേട്ട നഗരമായ ദെയര്‍ എല്‍സോറിനെ തരിപ്പിണമാക്കിയത് ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളായിരുന്നു. സമ്പന്ന നഗരമായിരുന്ന ഇവിടെ സ്വന്തമായി ഒരു ചായയിടാന്‍ കഴിയുന്നവനാണ് നിലവില്‍ ഏറ്റവും വലിയ സമ്പന്നനെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. ആഹാരം മാത്രമല്ല, കുടിവെള്ളം പോലും ഇന്ന് പ്രദേശവാസികള്‍ക്ക് സ്വപ്നമാണ്.

പൊതുപൈപ്പുകളില്‍ വല്ലപ്പോഴുമേ വെള്ളം വരൂ. വന്ന് മണിക്കൂറുകള്‍ക്കകം ഇത് അവസാനിക്കുകയും ചെയ്യും. കഴിഞ്ഞ പത്ത് മാസമായി നഗരത്തില്‍ വൈദ്യതിയില്ലാത്ത നഗരം ഇരുട്ടിലാണ്.

ദെയര്‍ എല്‍ സോറിലെ നരക ജീവിതത്തെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോഷക ആഹാര കുറവ് കാരണം സ്‌കൂളില്‍ പോകുന്നതിന്‌പോലും കുട്ടികള്‍ വീടിന് പുറത്തിറങ്ങാത്ത സാഹചര്യമാണ്. പോഷക ആഹാരക്കുറവുമൂലം 27 മരണങ്ങള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ നഗരത്തിലുള്ള ആശുപത്രികളിലാവട്ടെ മരുന്നുകളും ജീവനക്കാരുമില്ല.

സിറിയന്‍ അധികൃതരും ഐ.എസ് ഭീകരരും നഗരത്തെ ഒരുപോലെ അവഗണിക്കുകയാണ്. നഗരത്തില്‍ സൈന്യത്തിന് നിയന്ത്രണമുള്ള വിമാനത്താവളത്തിലാകട്ടെ സന്നദ്ധ സംഘടനകളുടെ വിമാനം ഇറങ്ങുന്നതിനോ ആഹാരങ്ങള്‍ ഇതുവഴി വിതരണം ചെയ്യുന്നതിനോ അധികൃതര്‍ അനുവദിക്കാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.