സ്വന്തം ലേഖകൻ: ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് തത്കാലികമായി നീട്ടിവെക്കാന്‍ തീരുമാനം. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിയമം ഉടന്‍ വേണ്ടെന്ന നിലപാടിന് അനുകൂലമായാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. ഷെയ്ഖ് അബ്ദുല്‍മാലിക് അബ്ദുല്ല അല്‍ ഖലീലിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
വ്യക്തിഗത നികുതി നിയമത്തിന്റെ കരട് രേഖയില്‍ ആദായനികുതി നിരക്ക് 15 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം ആയി കുറക്കുന്നതിനും അംഗങ്ങള്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. നികുതി നടപ്പാക്കുന്നതില്‍ പ്രതീക്ഷിക്കുന്ന ഗുണപരവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നായിരുന്നു അംഗങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരട് നിയമം പഠിക്കാനും സ്‌റ്റേറ്റ് കൗണ്‍സിലിന്റെ സാമ്പത്തിക, ധനകാര്യ സമിതി തീരുമാനിച്ചു.
വരുമാനത്തിന് എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് വ്യക്തിഗത ആദായനികുതി ആലോചിച്ചതെന്നും സാമ്പത്തിക, ധനകാര്യ സമിതി വ്യക്തമാക്കി. സാമൂഹിക സംരക്ഷണ സംവിധാനത്തിന് ധനസഹായം നല്‍കാനും കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും മേലുള്ള ആദായനികുതി വെട്ടിപ്പിനെ ചെറുക്കാനുമുള്ള ഗവണ്‍മെന്റിന്റെ കഴിവ് വര്‍ധിപ്പിക്കാനും നിയമം ശ്രമിക്കുന്നുണ്ടെന്നും കമ്മിറ്റി കൂട്ടിചേര്‍ത്തു.
കരട് നിയമം അനുസരിച്ച്, 2500 റിയാലിന് (പ്രതിവര്‍ഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനം) മുകളില്‍ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായ നികുതി ബാധകമാകും. മലയാളികള്‍ അടക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലയല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ നികുതിയുടെ പരിധിയില്‍ വരും. അതേസമയം, വ്യക്തിഗത ആദായനികുതി വൈകുമെന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ പ്രവാസികള്‍ക്കുള്‍പ്പെടെ ആശ്വാസം നല്‍കുന്നതാണ്. വ്യക്തിഗത ആദായ നികുതി പ്രാബല്യത്തില്‍ വന്നാല്‍ ഈ നിയമം നടപ്പാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല