സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ. വിഷ വായു ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സമ്പൂർണ്ണ അടച്ചിടലിന് സംസ്ഥാനം സജ്ജമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.
ഡൽഹിയിൽ മാത്രം ലോക്ഡൗൺ ഏർപ്പെടുത്തുന്നതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. രാജ്യ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും ലോക്ഡൗൺ നടപ്പാക്കണം. പ്രശ്‌നത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഡൽഹിയിലെ മലിനീകരണ തോത് ഉയരുന്നതിനെ അടിയന്തിര സാഹചര്യമെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.
ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവരൊഴികെ എല്ലാ സർക്കാർ ഓഫീസുകളിലേയും ഏജൻസികളിലേയും സർക്കാരിതര സ്ഥാപനങ്ങളിലേയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 17 വരെ സംസ്ഥാനത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെയ്‌ക്കാനും നിർദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല