സ്വന്തം ലേഖകൻ: വായു മലിനീകരണം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍. വായു മലിനീകരണം മാത്രമല്ല ഡല്‍ഹിയില്‍ തണുപ്പിന് തീവ്രതയേറി വരുന്നതും വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നു.
ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. നാട്ടിലേക്ക് പോകാനായില്ലെങ്കിലും ശുദ്ധവായു ശ്വസിക്കാന്‍ കിട്ടിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ ആഗ്രഹം. ക്ലാസുമുറികളിലെ ഹാജര്‍ നില കുത്തനെ കുറഞ്ഞു. പകുതിയിലേറെ വിദ്യാര്‍ഥികളും അവധിയിലാണ്. കുറേപ്പേര്‍ അസുഖം ബാധിച്ചു കഴിയുന്നു.
കഴിയുമെങ്കില്‍ ഹോസ്റ്റലിന് പുറത്തിറങ്ങാതെ ഓണ്‍ലൈനായി ക്ലാസുകള്‍ കേള്‍ക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് താത്പര്യം. വിഷപ്പുക ശ്വസിക്കാന്‍ കഴിയാത്തത് കാരണം പുറത്തേയ്ക്കുള്ള പോക്ക് പരമാവധി കുറച്ചതായും ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പറയുന്നു. നിശ്ചിത സമയത്തില്‍ കൂടുതല്‍ മുറികള്‍ക്ക് ഉള്ളില്‍ പോലും ഇരിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ശുദ്ധ വായു ശ്വസിക്കാന്‍ ഡല്‍ഹി വിട്ടുപോകേണ്ട അവസ്ഥയാണെന്നും തണുപ്പ് കാലത്ത് അസുഖങ്ങള്‍ വന്നാല്‍ വിട്ടുമാറാന്‍ പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വൈറല്‍ പനിയാണ് തണുപ്പ് കാലത്ത് ക്യാമ്പസുകളിലെ വിദ്യാര്‍ഥികളെ കൂടുതലായി ബാധിക്കുന്ന അസുഖം. തണുപ്പുകാലത്ത് ഇത് വിട്ടുമാറാന്‍ തികച്ചും പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
നാട്ടിലേക്ക് പോകുന്നതിന് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതും വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്. ഹോസ്റ്റലുകളില്‍ ഒരു മുറിയില്‍ നാലും അഞ്ചും കുട്ടികള്‍ താമസിക്കുന്ന അവസ്ഥയുണ്ട്. ഇത് ശ്വാസം മുട്ടലിന്റെ പ്രശ്നം വര്‍ധിപ്പിക്കുന്നു. പരീക്ഷയും കോഴ്സ് വര്‍ക്കുകളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാട്ടിലേക്ക് പോയി വരുന്നത് പ്രായോഗികമല്ല. ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ അടുത്തു വരുമ്പോള്‍ സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല