സ്വന്തം ലേഖകൻ: അപകടകരമാം വിധത്തിൽ രണ്ടുവിമാനങ്ങൾ ഒരേ റൺവേയിൽ. വിമാനങ്ങൾക്കിടയിൽ 1.8 കിലോമീറ്റർ മാത്രം അകലം. അപകടം ശ്രദ്ധയിൽപ്പെട്ട വനിതാപൈലറ്റ് ഞൊടിയിടയിൽ ജാഗ്രതാ മുന്നറിയിപ്പു നൽകി. തുടർന്നുണ്ടായ അടിയന്തര ഇടപെടൽ ദുരന്തം കഷ്ടിച്ച് ഒഴിവാക്കി. രണ്ടു വിമാനങ്ങളിലുമായുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം.
ബുധനാഴ്ച രാവിലെയാണ് ഡൽഹി വിമാനത്താവളത്തിൽ വിസ്താര എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽനിന്ന് കുതിക്കാനൊരുങ്ങിയത്. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള അശ്രദ്ധമായ സന്ദേശമാണ് ഇതിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയ വ്യോമയാനനിയന്ത്രകരായ ഡി.ജി.സി.എ, ബന്ധപ്പെട്ട എയർ ട്രാഫിക് കൺട്രോളറെ ചുമതലയിൽനിന്ന് നീക്കി.
അഹമ്മദാബാദിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനവും ബംഗാളിലെ ബാഗ്ഡോഗ്രയിലേക്ക് പറന്നുയരേണ്ട മറ്റൊരു വിമാനവുമാണ് ഒരേ റൺവേയിൽ എത്തിയത്. അഹമ്മദാബാദിൽ നിന്നിറങ്ങിയ വിമാനത്തിന് ഒരു റൺവേ മുറിച്ചു കടന്ന് പാർക്കിങ് ബേയിലേക്ക് പോകാൻ എ.ടി.സി.യിൽനിന്ന് അനുമതി ലഭിച്ചു.
ബാഗ്ഡോഗ്രയിലേക്കുള്ള വിമാനം ഇതേ റൺവേയിൽനിന്ന് പറന്നുയരാൻ ഒരുങ്ങുകയായിരുന്നു. നാല്പത്തിയഞ്ചുകാരിയായ ക്യാപ്റ്റൻ സോനുഗില്ലാണ് കൺമുന്നിലെത്തിയ ദുരന്തം തിരിച്ചറിഞ്ഞ് ജാഗ്രതാ മുന്നറിയിപ്പു നൽകിയത്. ഇതേത്തുടർന്ന് പിഴവു ബോധ്യപ്പെട്ട എ.ടി.സി. ബാഗ്ഡോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് അടിയന്തരമായി റദ്ദാക്കി. സംഭവത്തെക്കുറിച്ച് വിസ്താര എയർലൈൻസ് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല