1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

സ്വന്തം ലേഖകന്‍: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം തള്ളി ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം വിളിച്ചാണ് പ്രമേയം തള്ളിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുന്നതിനുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണു കേന്ദ്രത്തിന്റേതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

ഡല്‍ഹി ഭരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ലഫ്.ഗവര്‍ണറുടെയും അധികാരം നിര്‍വചിക്കാന്‍ രാഷ്ട്രപതി സുപ്രീം കോടതിയോട് ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ നിലപാട് നിര്‍ണായകമാകും. പ്രമേയം രാഷ്ട്രപതി, കേന്ദ്രസര്‍ക്കാര്‍, ലഫ്. ഗവര്‍ണര്‍, എംപിമാര്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കും.

എഎപി അംഗം സോംനാഥ് ഭാരതി കൊണ്ടുവന്ന പ്രമേയം ഭേദഗതികളോടെ സഭ അംഗീകരിക്കുകയായിരുന്നു. പ്രമേയം വോട്ടിടുന്നതിനു മുന്‍പ് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഏകാധിപത്യത്തിലൂടെ രാജ്യം പിടിച്ചെടുക്കാനുള്ള കേന്ദ്ര പരീക്ഷണത്തിന്റെ തുടക്കമാണു ഡല്‍ഹിയില്‍ നടക്കുന്നതെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു.

പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കേന്ദ്രസര്‍ക്കാരിനും ലഫ്.ഗവര്‍ണര്‍ക്കുമെതിരെ ആഞ്ഞടിച്ചു. പ്രസംഗത്തിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ എഎപി എംഎല്‍എ മഹേന്ദ്ര ഗോയലിന്റെ നടപടി നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

ആക്ടിങ് ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രിയും ലഫ്.ഗവര്‍ണറും പരസ്യമായി കൊമ്പു കോര്‍ത്തതോടെയാണ്, ലഫ്.ഗവര്‍ണര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്. അതേസമയം, ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ അധികാരം പരിമിതപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി സംശയാസ്പദമാണെന്നു ഹൈക്കോടതിയും അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.