സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉരസല്‍, താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ എ.എ.പി. സര്‍ക്കാര്‍ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടു പുറത്തിറക്കിയ കത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിയമനത്തിന് തന്റെ അംഗീകാരമില്ലാത്തതിനാല്‍ നിയമനം സാധുവുമല്ലെന്ന് കത്തില്‍ പറയുന്നു. ഇതോടെ ഡല്‍ഹിയില്‍ നിയമനങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പുതിയ പോരിന് തുടക്കമായി. നേരത്തേ ചീഫ് സെക്രട്ടറിയുടെ ചുമതല ശകുന്തള ഗാംലിന് നല്‍കിയതിനെച്ചൊല്ലിയും സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
നിയമനം ഭരണഘടനാ ലംഘനമാണെന്നും ലെഫ്. ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അതേസമയം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാതി മലിവാള്‍ പ്രതികരിച്ചു. ഭരണഘടനയെ താന്‍ മാനിക്കുന്നു. നിയമനം റദ്ദാക്കിക്കൊണ്ട് ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍നിന്നോ ഡല്‍ഹി സര്‍ക്കാറില്‍നിന്നോ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് മലിവാള്‍ പറഞ്ഞു.
ആം ആദ്മി പ്രവര്‍ത്തകന്‍ നവീന്‍ ജയ്ഹിന്ദിന്റെ ഭാര്യയാണ് സ്വാതി മലിവാള്‍. കെജ്രിവാളിന്റെ ജനസംവാദത്തിന് ചുക്കാന്‍പിടിച്ചതും ഇവരായിരുന്നു.
പാര്‍ട്ടിപ്രവര്‍ത്തകയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കിയെന്നാരോപിച്ച് നിയമനത്തിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല