സ്വന്തം ലേഖകൻ: ദല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ദല്‍ഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്‌കാരം. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരീസായ ദല്‍ഹി ക്രൈം. ബെസ്റ്റ് ഡ്രാമ സീരിസിനുള്ള അവാര്‍ഡാണ് ദല്‍ഹി ക്രൈം നേടിയത്.
2012ല്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായ ദല്‍ഹി പീഡനക്കേസിലെ പൊലീസ് അന്വേഷണമാണ് സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് പൊലീസ് എല്ലാ പ്രതികളെയും പിടികൂടിയതെന്നും ഇതിനിടയില്‍ പൊലീസിന് നേരിടേണ്ടി വന്ന വിവിധ പ്രതിസന്ധികളുമാണ് ദല്‍ഹി ക്രൈമില്‍ പ്രതിപാദിക്കുന്നത്.
റിച്ചി മെഹ്ത സംവിധാനം ചെയ്ത സീരിസ് 2019ലാണ് റിലീസ് ചെയ്തത്. പ്രധാന കഥാപാത്രമായ കേസ് അന്വേഷിക്കുന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ വര്‍ത്തിക ചതുര്‍വേദിയായെത്തിയത് ഷെഫാലി ഷാ ആയിരുന്നു. രസിക ദുഗല്‍, ആദില്‍ ഹുസൈന്‍, രാജേഷ് തൈലാങ്, വിനോദ് ഷെരാവത്, ഡെന്‍സില്‍ സ്മിത്, ഗോപാല്‍ ദത്ത, യശസ്വിനി ദയാമ, ജയ ഭട്ടചാര്യ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അവാര്‍ഡ് നിര്‍ഭയക്കും അമ്മക്കും സമര്‍പ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു. ‘പുരുഷന്മാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതു കൂടാതെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടി കാണേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കുമായി ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. ഒരിക്കലും ക്ഷീണിതരാകാതിരുന്ന ആ അമ്മക്കും മകള്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. ഈ ലോകം നിങ്ങളോട് ചെയ്തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. നമ്മള്‍ ആരും അത് ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റിച്ചി മെഹ്ത പറഞ്ഞു.
റിലീസായ സമയം മുതല്‍ മികച്ച അഭിപ്രായവും അവാര്‍ഡുകളും നേടിയെങ്കിലും ദല്‍ഹി ക്രൈമിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ദല്‍ഹി പൊലീസിനെ വെള്ള പൂശുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് സീരിസ് ഒരുക്കിയിരിക്കുന്നതെന്നും പല വസ്തുകളും വളച്ചൊടിച്ചിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല