1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2023

സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇത്. ഇതിനുതൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ വായുനിലവാരം വീണ്ടും മോശമായത്.

ഇടയ്ക്കിടെ പെയ്യുന്ന മഴയും മലിനീകരണവിതരണത്തിന് അനുകൂലമായ കാറ്റിന്റെ വേഗവുമായിരുന്നു കഴിഞ്ഞ ദിവസം വായുനിലവാരം മെച്ചപ്പെടാന്‍ കാരണം. എന്നാല്‍, ഞായറാഴ്ച രാത്രി ആളുകള്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ ഉയര്‍ന്ന പുകയാണ് സ്ഥിതി വീണ്ടും വഷളാക്കിയത്.

നഗരത്തിലെ ചിലയിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ വായുനിലാവര സൂചിക 900 വരെ കടന്നു. ഇന്ത്യ ഗേറ്റ് മേഖലയിലും മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയം മേഖലയിലും വായുനിലവാര സൂചിക 999 വരെയെത്തി. ഇത് പിന്നീട് 553 ആയി കുറഞ്ഞു. നഗരത്തില്‍ മലിനീകരണതോത് ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നായ ആനന്ദ് വിഹാറില്‍ വായുനിലവാര സൂചിക 849 വരെയെത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. ‘വളരെ മോശം’മുതല്‍ ‘കടുത്ത’ അവസ്ഥ വരെയെത്തി. ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.