സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി, വിമുക്ത ഭടന്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു, മൃതദേഹം കാണാനെത്തിയ രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജ്‌രിവാളിനേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിലെ അപാകത തീര്‍ക്കാന്‍ ആവശ്യപ്പെടുന്ന നിവേദനം പ്രതിരോധമന്ത്രിയെ കണ്ട് നല്‍കുന്നതിന് അവസരം കിട്ടാത്തതില്‍ മനംനൊന്താണ് ഹരിയാന സ്വദേശിയായ മുന്‍ സൈനികന്‍ ഡല്‍ഹിയില്‍ വിഷം കഴിച്ചു മരിച്ചത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ മുന്‍ സൈനികര്‍ പ്രക്ഷോഭം നടത്തുന്നതിനിടെയുണ്ടായ ആത്മഹത്യ കേന്ദ്ര സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കി.
ഹരിയാന ഭിവാനിയിലെ ബംല ഗ്രാമക്കാരനായ റിട്ട. സുബേദാര്‍ രാംകിഷന്‍ ഗ്രെവാള്‍ (70) ആണ് ആത്മഹത്യ ചെയ്തത്. നെല്ലിന് അടിക്കുന്ന കീടനാശിനി കുടിച്ച് ജന്തര്‍മന്തറിനു സമീപത്തെ സര്‍ക്കാര്‍ കെട്ടിടവളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ മുന്‍ സൈനികനെ സമരക്കാരായ മറ്റുള്ളവര്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രാംകിഷന്‍ മരിച്ചു.
നിവേദനം സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ചയും പ്രതിരോധമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് രാംകിഷന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
അതേസമയം, സൈനികന്റെ ബന്ധുക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാംകിഷന്റെ മകന്‍ ജസ്വന്ത് ഗ്രെവാള്‍ എന്നിവരെ പൊലിസ് തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് രാഹുല്‍ ആശുപത്രിയിലെത്തിയത്.
മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവകവയ്ക്കാതിരുന്ന രാഹുലിനെ ഗേറ്റിനു മുന്നില്‍ പൊലിസ് തടയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ സമീപത്തെ പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. രാഹുലിനെ പൊലിസ് തടഞ്ഞുവച്ച വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതോടെ അദ്ദേഹത്തെ മന്ദിര്‍മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച ശേഷം പുറത്തുവിട്ടു. സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു.
ജനാധിപത്യം ഏകാധിപത്യത്തിനു വഴിമാറിയതിന്റെ ഉദാഹരണമാണിതെന്നു കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. വൈകിട്ടോടെ സൈനികന്റെ ബന്ധുക്കളെ കാണാന്‍ ഒരുശ്രമം കൂടി നടത്തിയ രാഹുലിനെ പൊലിസ് വീണ്ടും കസ്റ്റഡിയിലെടുത്തു. രാഹുലിനൊപ്പം പാര്‍ട്ടി നേതാക്കളായ അജയ്മാക്കനും ജ്യോതിരാദിത്യ സിന്ധ്യയും ഉണ്ടായിരുന്നു. ഇവരെ പിന്നീട് തിലക് മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്കു മാറ്റി.
ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എ.എ.പി നിയമസഭാംഗങ്ങള്‍ എന്നിവരെയും പൊലിസ് തടഞ്ഞു. കെജ്‌രിവാളാണ് ആദ്യം എത്തിയത്. വിലക്ക് അറിഞ്ഞതോടെ അദ്ദേഹം മടങ്ങി. ഉച്ചയോടെ എത്തിയ മനീഷ് സിസോദിയയെ തടഞ്ഞ പൊലിസ് പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത ഒരുജവാന്‍ സ്വന്തം അവകാശത്തിനു വേണ്ടി ആത്മഹത്യ ചെയ്തത് ദു:ഖകരമാണെന്നും പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ വഞ്ചിക്കുകയാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.
പദ്ധതി നടപ്പാക്കാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നില്‍ ബന്ധുക്കള്‍ ബഹളംവച്ചത് നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. ഈസമയം സ്ഥലത്തെത്തിയ എ.എ.പി എം.എല്‍.എ സുരേന്ദ്രയെ പൊലിസ് തള്ളുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിക്കരുതെന്ന് രാഷ്ട്രീയനേതാക്കള്‍ക്കു നിര്‍ദേശംനല്‍കിയിരുന്നുവെന്നും ഇത് വകവയ്ക്കാതെ കടക്കാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെയും മറ്റും കസ്റ്റഡിയിലെടുതതതെന്നും പൊലിസ് മേധാവി മുകേഷ്‌കുമാര്‍ മീണ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല