സ്വന്തം ലേഖകൻ: യമുനാനദി കരകവിഞ്ഞതോടെ കടുത്ത പ്രളയക്കെടുതി നേരിട്ട് രാജ്യതലസ്ഥാനം. റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റന്‍ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്.
ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍കൊണ്ട് ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ട്രക്കുകള്‍ പലതും. കൂറ്റന്‍ കണ്ടെയ്നര്‍ ട്രക്കുകളും വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്.
യമുനാ ബസാര്‍ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. ഈ പ്രദേശത്തുനിന്നും ബോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടതോടെ മറ്റുപല റോഡുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയുടെ 350 മീറ്റര്‍ അടുത്തുവരെ പ്രളയജലം എത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 1978-ലാണ് സമാനമായ പ്രളയം നേരില്‍ കണ്ടിട്ടുള്ളതെന്ന് മുതിര്‍ന്ന ആളുകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രികളിലടക്കം വെള്ളം കയറിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചെങ്കോട്ടയിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്. രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നായി 2500 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് എന്‍ഡിആര്‍എഫ് ഡിഐജി പറഞ്ഞു. അതിനിടെ യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല