1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2015

ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചതിന് ബിബിസി സംവിധായിക ലെസ്ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ലെസ്ലീ ചിത്രീകരിച്ചത്.

ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥ പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇന്താസ് ഡോട്ടറിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു അഭിമുഖം നടത്തിയത്. കടുത്ത നിയമ ലംഘനമാണ് ഇതെന്നും ഡോക്യുമെന്ററിയുടെ പ്രക്ഷേപണം തടയാന്‍ കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ലോക വനിതാ ദിനത്തില്‍ ബിബിസി ലോകം മുഴുവന്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്. നേരത്തെ സംവിധായിക ഡോക്യുമെന്ററിയുടെ ഏതാനും ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതി മുകേഷ് സിംഗ് ആരേയും ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പറ്റി അഭിമുഖത്തില്‍ പറയുന്നത്.

ബലാത്സംഗത്തിന് ഉത്തരവാദികള്‍ പെണ്‍കുട്ടികളാണെന്നും നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്കു ശേഷം കറങ്ങി നടക്കില്ലെന്നും സിംഗ് അഭിമുഖത്തില്‍ പറയുന്നു. നിശബ്ദയായി വഴങ്ങി കൊടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടിയെ കൊല്ലില്ലായിരുന്നു എന്നും സിംഗ് പറയുന്നുണ്ട്. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് സ്ത്രീകളെ കൂടുതല്‍ അപകടത്തിലാക്കുമെന്നും ബലാത്സംഗം ചെയ്യുന്നവര്‍ ഇരകളെ കൊന്നുകളയാനുള്ള സാധ്യത കൂടുതലാണെന്നും സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.

അഭിമുഖ ദൃശ്യങ്ങള്‍ വിവാദമായതോടെ വെട്ടിലായത് ജയില്‍ അധികൃതരാണ്. ജയിലില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജയില്‍ ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ജയില്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തി മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്നാണ് നിയമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.