സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഇരുപത്തിമൂന്നുകാരിയായ ഫിസിയോ തെറാപി വിദ്യാര്‍ഥിനിയെയാണ് സഹപാഠിയും മൂന്നു കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലാണ് സംഭവം. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠി ഒരു പാര്‍ട്ടി ഒരുക്കി വിദ്യാര്‍ഥിനിയെ കെണിയിലാക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസിന്റെ വിവരണം ഇപ്രകാരമാണ്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് സഹപാഠി ക്ഷണിച്ചതു പ്രകാരം പെണ്‍കുട്ടി പാര്‍ട്ടിക്കായി വിവേക് വിഹാറിലുള്ള വീട്ടിലെത്തി. തുടര്‍ന്ന് സഹപാഠിയും വീട്ടിലുണ്ടായിരുന്ന അയാളുടെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനങ്ങള്‍ക്കു ശേഷം പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ വീടുനടുത്ത് കൊണ്ടുചെന്നാക്കിയ സഹപാഠി വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി അടക്കമുള്ള മൂന്നും പേര്‍ അറസ്റ്റിലായി. ഒളിവിലായ നാലാമനു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ സഹപാഠിക്കെതിരെ നടപടി എടുക്കുമെന്ന് ഇരുവരും പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതരും അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല