സ്വന്തം ലേഖകൻ: ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. “ഐഐടികൾ ആഗോളതലത്തിലേക്ക് പോകുന്നു” എന്ന ക്യാമ്പയ്‌നിന്റെ ഭാഗമാണ് ധാരണാപത്രം.
ഓഫ്‌ഷോർ കാമ്പസ് സ്ഥാപിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഐഐടിയാണിത്. കഴിഞ്ഞയാഴ്ച ഐഐടി മദ്രാസ് ടാൻസാനിയയിലെ സാൻസിബാറിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അബുദാബിയിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യൻ വിദ്യാഭ്യാസം ആഗോളതലത്തിലെത്തുന്നതിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നു. യുഎഇയിലെ ഐഐടി ഡൽഹി കാമ്പസ് ഇന്ത്യ – യുഎഇ സൗഹൃദത്തിന്റെയും സൗധമായിരിക്കും,’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.
അടുത്ത വർഷം ജനുവരി മുതൽ അബുദാബി കാമ്പസിൽ മാസ്റ്റേഴ്‌സ് കോഴ്‌സുകൾ തുടങ്ങുമെങ്കിലും ബാച്ചിലർ ലെവൽ പ്രോഗ്രാമുകൾ സെപ്തംബർ മുതലായിരിക്കും ആരംഭിക്കുക. അക്കാദമിക് പ്രോഗ്രാമുകളും ഇൻപുട്ടുകളും പെഡഗോഗിയും ഐഐടി ഡൽഹിയും നൽകും. ഐഐടി ഡൽഹി – അബുദാബി ഐഐടി ഡൽഹിയുടെ ഒരു ഗവേഷണ കേന്ദ്രീകൃത കാമ്പസായിരിക്കും. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലെ കോഴ്‌സുകളായിരിക്കും ഇവിടെയുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല