1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2023

സ്വന്തം ലേഖകൻ: അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിക്കായി ഒരുക്കത്തിലാണ് ഡല്‍ഹിയും പരിസര പ്രദേശങ്ങളും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാത്ത് ഇവിടെ ഹോട്ടലുകളും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജി20 നേതാക്കളും അവരുടെ പരിവാരങ്ങളും 30-ഓളം അത്യാഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഐടിസി മൗര്യയിലാണ് താമസിക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് താജ് പാലസിലും. ഡല്‍ഹിയിലെ 23 ഹോട്ടലുകളിലും പരിസരപ്രദേശങ്ങളിലെ ഒമ്പത് ഹോട്ടലുകളിലുമായാണ് ജി20 പ്രതിനിധികള്‍ തങ്ങുക.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്ന ഐടിസി മൗര്യയിലെ എല്ലാ നിലകളിലും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. 14-ാം നിലയിലാകും ബൈഡന്‍ താമസിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈഡന്‍ താമസിക്കുന്ന നിലയില്‍ നിന്ന് താഴേക്കെത്താന്‍ പ്രത്യേക ലിഫ്റ്റും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഈ ഹോട്ടലില്‍ 400 മുറികളും ഇതിനോടകം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഷാംഗ്രി-ലാ ഹോട്ടലിലാണ് താമസിക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ക്ലാരിഡസ് ഹോട്ടലിലാണ് താമസമൊരുക്കുന്നത്. ജി20 ഉച്ചകോടി സെപ്റ്റംബര്‍ ഒമ്പതിനാണ് തുടങ്ങുന്നതെങ്കിലും യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഡല്‍ഹിയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.

വിദേശ അതിഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര അര്‍ദ്ധസൈനിക സേന, എന്‍എസ്ജി കമാന്‍ഡോകള്‍, ഡല്‍ഹി പൊലീസ് ടീമുകള്‍ എന്നിവരും തയ്യാറെടുപ്പിലാണ്. എല്ലാ സുരക്ഷാ ഏജന്‍സികളിലെയും കമാന്‍ഡോകള്‍ക്ക് വ്യത്യസ്ത ചുമതലകളാണ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിരവധി തവണ സുരക്ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയുണ്ടായി. ജി20 ഉച്ചകോടിക്കായി 50 സിആര്‍പിഎഫ് ടീമുകളെയാണ് ഡല്‍ഹിയില്‍ വിന്യസിക്കുക. നോയിഡയിലെ വിഐപി സുരക്ഷാ പരിശീലന കേന്ദ്രത്തില്‍ ആയിരത്തോളം സിആര്‍പിഎഫ് ജവാന്മാര്‍ പരിശീലനത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.